അമേരിക്കയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണു; എട്ട് മരണം
അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണ് എട്ട് പേർ മരിച്ചു. തെക്കൻ കാലിഫോർണിയയിലെ മൊജാവേ മരുഭൂമിയിലുള്ള എഡ്വേഡ്‌സ് വ്യോമതാവളത്തിൽ നിന്ന് പതിവ് പരിശോധനാ ദൗത്യത്തിനായി പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് വിമാനം അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന എട്ടുപേരും മരിച്ചതായി യു.എസ് സൈനിക ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
സൈനിക ഉദ്യോഗസ്ഥർക്ക് പുറമെ പ്രമുഖ വിമാന നിർമ്മാണ കമ്പനിയായ ബോയിങ്ങിന്റെ ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. അപകടത്തിൽ തങ്ങളുടെ രണ്ട് ജീവനക്കാർ കൊല്ലപ്പെട്ടതായി ബോയിങ് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ടേക്ക് ഓഫ് ചെയ്ത ഉടൻ തന്നെ വിമാനത്തിന് തീപിടിച്ച് തകരുകയായിരുന്നു എന്നാണ് വിവരം.
അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ലെന്നും ഇതിനെക്കുറിച്ചുള്ള അന്വേഷണം പൂർത്തിയാക്കാൻ ആറുമാസം വരെയെടുത്തേക്കുമെന്നും യു.എസ് അധികൃതർ അറിയിച്ചു. ബി-52 ബോംബർ വിമാനങ്ങളിൽ ആധുനിക റഡാർ സംവിധാനങ്ങൾ മാറ്റിസ്ഥാപിക്കുന്ന ജോലികൾ നടക്കുന്നുണ്ടായിരുന്നു. എന്നാൽ അപകടത്തിൽപ്പെട്ട വിമാനം ഇതിന്റെ ഭാഗമായിരുന്നോ എന്ന് വ്യക്തമല്ല. ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ബി-52 ബോംബർ വിമാനങ്ങൾ 1955 ലാണ് യു.എസ് സേനയുടെ ഭാഗമാകുന്നത്. വിയറ്റ്‌നാം മുതൽ ഇറാൻ വരെയുള്ള അമേരിക്കയുടെ നിരവധി സൈനിക ഇടപെടലുകളിൽ ഈ വിമാനങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.
