അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ ഇസ്രായേൽ സന്ദർശനം റദ്ദാക്കി
യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ബുധനാഴ്ച നടത്താനിരുന്ന ഇസ്രായേൽ സന്ദർശനം റദ്ദാക്കിയതായി ഇസ്രായേലി മാധ്യമമായ ചാനൽ 12 റിപ്പോർട്ട് ചെയ്തു. പെന്റഗൺ തലവനായി ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഇസ്രായേൽ സന്ദർശനമായിരുന്നു ഇത്. തുർക്കിക്ക് അത്യാധുനിക എഫ്-35 സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ വിൽക്കാനുള്ള അമേരിക്കയുടെ നീക്കത്തിൽ ഇസ്രായേലിനുള്ള കടുത്ത ആശങ്കകൾ പരിഹരിക്കുകയായിരുന്നു സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.
യു.എസും ഇറാനും തമ്മിൽ നിലനിൽക്കുന്ന പുതിയ സൈനിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഹെഗ്സെത്തിന്റെ സന്ദർശനം പെട്ടെന്ന് റദ്ദാക്കിയതെന്നാണ് ലഭ്യമാകുന്ന സൂചനകൾ. ഇറാനിലെ സിറിക്, ഖിഷം, ബന്ദർ അബ്ബാസ് തുടങ്ങി 85 കേന്ദ്രങ്ങളിൽ അമേരിക്ക വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ടെഹ്റാനുമായുള്ള ധാരണാപത്രം അവസാനിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്ന് മേഖലയിലുണ്ടായ യുദ്ധസമാനമായ സാഹചര്യമാണ് അടിയന്തരമായി യാത്ര മാറ്റിവെക്കാൻ കാരണമായത്.
തുർക്കിക്ക് എഫ്-35 യുദ്ധവിമാനങ്ങൾ കൈമാറുന്നത് പശ്ചിമേഷ്യയിലെ സുരക്ഷാ സന്തുലിതാവസ്ഥയെ ബാധിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആശങ്ക പ്രകടിപ്പിച്ചിരുന്നു. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ പലതവണ ഇസ്രായേലിനെതിരെ ഭീഷണി മുഴക്കിയിട്ടുണ്ടെന്നും തുർക്കി ഒരു സൗഹൃദ രാജ്യമല്ലെന്നും സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിൽ നെതന്യാഹു വ്യക്തമാക്കി. എന്നാൽ, നെതന്യാഹുവിന്റെ പ്രസ്താവനകളെ തള്ളിയ തുർക്കി വിദേശകാര്യ മന്ത്രാലയം, തങ്ങളുടെ പ്രതിരോധ ആവശ്യങ്ങളെ അട്ടിമറിക്കാനും മേഖലയിലെ സംഘർഷങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുമുള്ള മനഃപൂർവ്വമായ വ്യാജപ്രചാരണമാണ് ഇസ്രായേൽ നടത്തുന്നതെന്ന് കുറ്റപ്പെടുത്തി.
