ഇറാന്റെ എണ്ണക്കപ്പലുകൾ തകർത്ത് അമേരിക്ക; കുവൈത്തിലെയും ബഹ്റൈനിലെയും തുറമുഖങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ
അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) നടത്തുന്ന ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടിയുമായി യു.എസ് സൈന്യം. ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപവും ജാസ്ക് തീരത്തുമുള്ള എണ്ണക്കപ്പലുകൾക്ക് നേരെ അമേരിക്കൻ സൈന്യം മിസൈലാക്രമണം നടത്തി തകർത്തു. അമേരിക്കൻ വ്യോമസേനയും നാവികസേനയും നടത്തിയ സംയുക്ത നീക്കത്തിൽ നിരവധി കപ്പലുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
അമേരിക്കൻ ആക്രമണത്തിന് പിന്നാലെ, യു.എസ് സൈന്യത്തിന് താവളമൊരുക്കുന്ന കുവൈത്ത്, ബഹ്റൈൻ തുറമുഖങ്ങളിലെയും പരിസരങ്ങളിലെയും എണ്ണക്കപ്പലുകൾ തങ്ങൾ ലക്ഷ്യമിടുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകി. ഈ മേഖലകളിൽ നങ്കൂരമിട്ടിരിക്കുന്നതും ബെർത്തിൽ കിടക്കുന്നതുമായ കപ്പലുകളിലെ ജീവനക്കാരോട് ഉടൻ ഒഴിഞ്ഞുപോകാൻ ഇറാൻ നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, അമേരിക്കൻ യുദ്ധക്കപ്പലുകൾ ലക്ഷ്യമിട്ട് ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ, ഇറാന്റെ വ്യോമയാന മേഖലയെ പൂർണ്ണമായി ഒറ്റപ്പെടുത്താൻ 27 എയർലൈനുകൾ ഉൾപ്പെടെ 36 സ്ഥാപനങ്ങൾക്കെതിരെ അമേരിക്ക പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തി. ഇറാന്റെ അത്യാധുനിക മിസൈൽ സാങ്കേതികവിദ്യയ്ക്ക് പിന്നിൽ റഷ്യയുടെയോ ചൈനയുടെയോ സഹായമുണ്ടെന്നാണ് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ നിഗമനം.
