അമേരിക്കയിൽ രാജ്യവ്യാപക വിമാന നിയന്ത്രണം പിൻവലിച്ചു

  1. Home
  2. International

അമേരിക്കയിൽ രാജ്യവ്യാപക വിമാന നിയന്ത്രണം പിൻവലിച്ചു

image


അമേരിക്കയിലുടനീളം വിമാന സർവീസുകളെ ബാധിച്ച അസാധാരണമായ 'ഗ്രൗണ്ട് സ്റ്റോപ്പ്' നിയന്ത്രണം പിൻവലിച്ചു. എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്നാണ് രാജ്യവ്യാപകമായി വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചത്. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനാണ് (FAA) നിയന്ത്രണം പിൻവലിച്ച വിവരം അറിയിച്ചത്.

രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ തടസ്സപ്പെട്ടതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളങ്ങളിൽ കുടുങ്ങിയത്. രാജ്യത്തുടനീളമുള്ള വിമാനങ്ങളുടെ സഞ്ചാരം നിയന്ത്രിക്കുന്ന എയർ റൂട്ട് ട്രാഫിക് കൺട്രോൾ സെന്ററുകളെ ബാധിച്ച ആശയവിനിമയ തകരാറാണ് പ്രതിസന്ധിക്ക് കാരണമായത്. പൈലറ്റുമാരും എയർ ട്രാഫിക് കൺട്രോൾ ഉദ്യോഗസ്ഥരും തമ്മിലുള്ള റേഡിയോ ആശയവിനിമയം തടസ്സപ്പെടുന്ന 'ഫ്രീക്വൻസി തടസ്സം' ഉണ്ടായതായാണ് റിപ്പോർട്ടുകൾ.

2023 ജനുവരിയിലാണ് അമേരിക്കയിൽ അവസാനമായി രാജ്യവ്യാപകമായി ഗ്രൗണ്ട് സ്റ്റോപ്പ് ഏർപ്പെടുത്തിയത്. അന്ന് വിമാന സുരക്ഷാ മുന്നറിയിപ്പുകൾ നൽകുന്ന നോട്ടിഫിക്കേഷൻ സംവിധാനത്തിലുണ്ടായ തകരാറായിരുന്നു കാരണം. അതിനുമുമ്പ് 2001 സെപ്റ്റംബർ 11-ലെ ഭീകരാക്രമണങ്ങൾക്ക് പിന്നാലെയാണ് രാജ്യവ്യാപകമായി വിമാന സർവീസുകൾ നിർത്തിവെച്ചത്.