ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള പായ്ക്കപ്പൽ യുഎസ് സൈന്യം തകർത്തു; ജീവനക്കാരെ ഒഴിപ്പിച്ചു
ഒമാൻ ഉൾക്കടലിൽ ഇറാനുമായി ബന്ധമുള്ള പായ്ക്കപ്പൽ അമേരിക്കൻ സൈന്യത്തിന്റെ സെൻട്രൽ കമാൻഡ് (സെന്റ്കോം) തകർത്തു. യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലുകളെ നിരീക്ഷിക്കുകയും ലക്ഷ്യമിടുകയും ചെയ്തതിനെ തുടർന്നാണ് കപ്പലിനെതിരെ സൈനിക നടപടിയുണ്ടായത്.
കപ്പൽ തകർക്കുന്നതിന് മുൻപ് അതിലുണ്ടായിരുന്ന ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി സെന്റ്കോം അറിയിച്ചു. ഇവരെ സ്വന്തം രാജ്യങ്ങളിലേക്ക് മടക്കി അയക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ഏഴ് മാസമായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർ പ്രാദേശിക സമുദ്രപാതകളിലെ സാധാരണ കപ്പലുകളെയും യുഎസ് നാവികസേനയെയും നിരന്തരം ലക്ഷ്യമിടുന്നുണ്ടെന്ന് സെന്റ്കോം ആരോപിച്ചു.
ഒക്ടോബർ പത്തിന് ഹോർമുസ് കടലിടുക്കിൽ വെച്ച് യുഎസ് ഉപരോധം ലംഘിക്കാൻ ശ്രമിച്ച 'ഓഷ്യൻ മോളിക്ക' എന്ന വാണിജ്യ കപ്പലിന്റെ എൻജിൻ സംവിധാനം യുഎസ് യുദ്ധവിമാനങ്ങളുടെ ആക്രമണത്തിൽ തകർത്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നടപടി.
