ഇറാഖിൽ യുഎസ് വിമാനം തകർന്നു; ആറ് സൈനികരും കൊല്ലപ്പെട്ടതായി സ്ഥിരീകരണം
പടിഞ്ഞാറൻ ഇറാഖിൽ യുഎസ് സൈന്യത്തിന്റെ കെസി-135 റീഫ്യുവലിംഗ് വിമാനം തകർന്നു വീണ് ആറ് സൈനികർ കൊല്ലപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന ആറ് പേരും മരിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. ഇറാനെതിരായ 'ഓപ്പറേഷൻ എപിക് ഫ്യൂറി' സൈനിക നീക്കത്തിന്റെ ഭാഗമായി പറന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്.
വിമാനം തകർന്നത് ശത്രുപക്ഷത്തിന്റെ ആക്രമണം മൂലമോ സൈന്യത്തിന്റെ തന്നെ പിഴവ് മൂലമോ അല്ലെന്നാണ് യുഎസ് സൈന്യത്തിന്റെ പ്രാഥമിക വിശദീകരണം. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങളെ വിവരമറിയിച്ച ശേഷം മാത്രമേ പേരുവിവരങ്ങൾ പുറത്തുവിടുകയുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി. കാണാതായ രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇപ്പോൾ എല്ലാവരും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.
അതേസമയം, യുഎസ് വിമാനം തങ്ങളുടെ സായുധ സംഘം മിസൈൽ ഉപയോഗിച്ച് വെടിവച്ചിട്ടതാണെന്ന് ഇറാൻ അവകാശപ്പെട്ടു. പശ്ചിമേഷ്യയിൽ സംഘർഷം ആരംഭിച്ച ശേഷം യുഎസിന് നഷ്ടമാകുന്ന നാലാമത്തെ വിമാനമാണിത്. ഇതിനു മുൻപ് കുവൈത്തിന്റെ ഭാഗത്തുനിന്നുണ്ടായ പിഴവിൽ യുഎസിന്റെ മൂന്ന് എഫ്-15 ഇ വിമാനങ്ങൾ തകർന്നിരുന്നു. മേഖലയിൽ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ വിമാനം തകർന്നത് യുഎസിന് കനത്ത തിരിച്ചടിയാണ്.
