യുഎസ് ഉപരോധം മറികടക്കാനായില്ല; ചൈനീസ് കപ്പൽ ഹോർമുസിലേക്ക് മടങ്ങി
ഇറാനെതിരെയുള്ള അമേരിക്കയുടെ കർശനമായ നാവിക ഉപരോധം ലംഘിച്ച് മുന്നേറാൻ ശ്രമിച്ച ചൈനീസ് എണ്ണക്കപ്പൽ ദൗത്യം ഉപേക്ഷിച്ച് മടങ്ങി. 'റിച്ച് സ്റ്റാറി' എന്ന കപ്പലാണ് യുഎസ് നാവികസേനയുടെ ഉപരോധം അവഗണിച്ച് ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച ശേഷം ഒടുവിൽ പിന്തിരിഞ്ഞത്. ചൊവ്വാഴ്ച കടലിടുക്ക് കടക്കാൻ ശ്രമിച്ച എട്ട് കപ്പലുകളിൽ ഒന്നായിരുന്നു ഇത്. ഹംരിയ തുറമുഖത്ത് നിന്ന് കയറ്റിയ ഏകദേശം 250,000 ബാരൽ മെഥനോൾ ആണ് കപ്പലിലുള്ളത്. ബുധനാഴ്ച ഉച്ചയോടെ കപ്പൽ യു-ടേൺ എടുത്ത് തിരികെ ഹോർമുസ് കടലിടുക്കിലേക്ക് തന്നെ പ്രവേശിക്കുകയായിരുന്നുവെന്ന് ഷിപ്പിങ് ഡാറ്റകൾ വ്യക്തമാക്കുന്നു.
ഇറാനിൽ നിന്നുള്ള എണ്ണ കയറ്റുമതി തടയാൻ ഡൊണാൾഡ് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച ഉപരോധത്തെത്തുടർന്ന് മേഖലയിൽ വലിയ നാടകീയ നീക്കങ്ങളാണ് നടക്കുന്നത്. ഒമാൻ ഉൾക്കടലിലെ ഇറാനിയൻ തുറമുഖമായ ചബഹാറിൽ നിന്ന് പുറപ്പെടാൻ ശ്രമിച്ച രണ്ട് എണ്ണ ടാങ്കറുകളെ കഴിഞ്ഞ ദിവസം യുഎസ് ഡിസ്ട്രോയർ കപ്പൽ തടഞ്ഞിരുന്നു. ഉപരോധം ആരംഭിച്ച തിങ്കളാഴ്ച മുതൽ ഒരു കപ്പലും കടത്തിവിട്ടിട്ടില്ലെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് അവകാശപ്പെടുന്നത്. അതേസമയം, അലീഷ്യ, അജിയോസ് ഫനൗറിയോസ് I എന്നീ കപ്പലുകൾ ഗൾഫ് മേഖലയിലേക്ക് പ്രവേശിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഇതിനിടെ, ഇറാനുമായുള്ള യുദ്ധം ഏതാണ്ട് അവസാനിക്കാറായെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. ഫോക്സ് ബിസിനസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ശുഭപ്രതീക്ഷ പങ്കുവെച്ചത്. രണ്ടാംഘട്ട ചർച്ചകൾ ഉടൻ പുനരാരംഭിക്കുമെന്നും അടുത്ത രണ്ട് ദിവസത്തിനുള്ളിൽ നിർണായക നീക്കങ്ങൾ ഉണ്ടായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഇറാനിൽ നിന്ന് എണ്ണ വാങ്ങാൻ ചൈനയെ അനുവദിക്കില്ലെന്ന യുഎസ് നിലപാടിനെതിരെ റഷ്യയും ചൈനയും ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വം ആഗോള എണ്ണവിപണിയെയും ഇൻഷുറൻസ് മേഖലയെയും വലിയ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
