ഹോർമുസ് കടലിടുക്കിലെ യുഎസ് ഉപരോധം ലംഘിച്ചാൽ കടുത്ത നടപടി; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി യുഎസ്

  1. Home
  2. International

ഹോർമുസ് കടലിടുക്കിലെ യുഎസ് ഉപരോധം ലംഘിച്ചാൽ കടുത്ത നടപടി; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി യുഎസ്

strait of hormuz


ലോകരാജ്യങ്ങളുടെ സുപ്രധാന കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിൽ തങ്ങൾ നിശ്ചയിച്ച ഉപരോധം എല്ലാ വാണിജ്യകപ്പലുകളും നിർബന്ധമായും പാലിക്കണമെന്ന് ഇന്ത്യയ്ക്ക് യുഎസ് മുന്നറിയിപ്പ്. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറെ ഫോണിൽ വിളിച്ചാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇക്കാര്യം വ്യക്തമാക്കിയത്. യുഎസ് ഉപരോധം അവഗണിച്ചുകൊണ്ട് ഇറാനിയൻ എണ്ണ കടത്തിക്കൊണ്ടുപോകുന്ന കപ്പലുകൾക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും റൂബിയോ അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതോടെയാണ് ഇറാന് പിന്നാലെ യുഎസും ഹോർമുസിൽ ഉപരോധം കടുപ്പിച്ചത്.

വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ യൂറോപ്യൻ പര്യടനത്തിനിടെയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ ഫോൺ സന്ദേശമെത്തിയത്. ഒമാൻ നടുക്കടലിൽ വെച്ച് യുഎസ് സൈന്യത്തിന്റെ ആക്രമണത്തിനിരയായ എണ്ണക്കപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതായി കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇതിൽ ഇന്ത്യ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് യുഎസിന്റെ ഭാഗത്തുനിന്നുള്ള ഈ പുതിയ നീക്കം. പലാവ് ഫ്ലാഗ് ചെയ്ത 'എംടി സെറ്റെബെല്ലോ' എന്ന എണ്ണക്കപ്പലിന് നേരെ ഒമാൻ ഉൾക്കടലിൽ വെച്ചായിരുന്നു യുഎസ് സൈന്യത്തിന്റെ ആക്രമണമുണ്ടായത്. കപ്പലിലുണ്ടായിരുന്ന ഡെക്ക് ആദിത്യ ശർമ്മ, എഞ്ചിൻ ഫിറ്റർ ശിവാനന്ദ് ചൗരസ്യ, ചീഫ് എഞ്ചിനീയർ പട്നാല സുരേഷ് എന്നീ ഇന്ത്യൻ നാവികരാണ് കൊല്ലപ്പെട്ടത്. 24 ഇന്ത്യക്കാരുൾപ്പെടെ 28 ജീവനക്കാരായിരുന്നു കപ്പലിലുണ്ടായിരുന്നത്. മരിച്ച നാവികരുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് ഷിപ്പിങ് മന്ത്രി സർബാനന്ദ സോണോവാൾ വ്യക്തമാക്കിയിരുന്നു.

ഹോർമുസ് കടലിടുക്കിലെ സംഘർഷാവസ്ഥ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ബാരലിന് രണ്ട് ഡോളറിലധികമാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. ബ്രെന്റ് ക്രൂഡ് ഓയിൽ വില 2.47 ശതമാനം ഉയർന്ന് ബാരലിന് 95.40 ഡോളറിലും, യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഓയിൽ വില 2.89 ശതമാനം വർധിച്ച് 92.63 ഡോളറിലും എത്തിനിൽക്കുകയാണ്. വരും ദിവസങ്ങളിലും എണ്ണവില ഉയർന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ.