മറ്റൊരു ഇറാനിയൻ കപ്പൽകൂടി പിടിച്ചെടുത്ത് യുഎസ്; നടപടി ഇന്ത്യൻ മഹാസമുദ്രത്തിൽ
ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് 'മെജസ്റ്റിക് എക്‌സ്' എന്ന ഇറാനിയൻ എണ്ണ ടാങ്കർ പിടിച്ചെടുത്ത് അമേരിക്കൻ സൈന്യം. യുഎസ് പ്രതിരോധ വകുപ്പാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഇറാനു സാമ്പത്തിക സഹായം നൽകുന്നതിനും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും ഉപയോഗിക്കുന്ന കപ്പലുകളെ ആഗോളതലത്തിൽ നാവിക സേന നിരീക്ഷിച്ചുവരികയാണെന്നും ഇതിന്റെ ഭാഗമായാണ് നടപടിയെന്നും യുഎസ് അറിയിച്ചു.
ഹോർമുസ് കടലിടുക്കിൽ വെച്ച് ഇറാൻ മൂന്ന് ചരക്ക് കപ്പലുകളെ ആക്രമിക്കുകയും അതിൽ രണ്ടെണ്ണം പിടിച്ചെടുക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് അമേരിക്കയുടെ ഈ തിരിച്ചടി. കപ്പലിന്റെ ഡെക്കിലേക്ക് അമേരിക്കൻ സൈനികർ ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന ദൃശ്യങ്ങൾ യുഎസ് പ്രതിരോധ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ എവിടെ നടന്നാലും യുഎസ് ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രതിരോധ വകുപ്പ് വക്താവ് വ്യക്തമാക്കി.
ഷിപ്പ് ട്രാക്കിംഗ് വിവരങ്ങൾ പ്രകാരം ശ്രീലങ്കയ്ക്കും ഇൻഡോനേഷ്യക്കും ഇടയിലുള്ള കടൽമേഖലയിൽ വെച്ചാണ് മെജസ്റ്റിക് എക്‌സ് പിടികൂടിയത്. സമാനമായ രീതിയിൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് ചൈനയിലേക്ക് പോകുകയായിരുന്ന 'ടിഫാനി' എന്ന ഇറാനിയൻ എണ്ണ ടാങ്കറും ഇതേ മേഖലയിൽ വെച്ച് അമേരിക്കൻ സൈന്യം പിടിച്ചെടുത്തിരുന്നു. മേഖലയിൽ ഇറാൻ - അമേരിക്കൻ നാവിക സേനകൾ തമ്മിലുള്ള സംഘർഷം ഇതോടെ കൂടുതൽ രൂക്ഷമായിരിക്കുകയാണ്.
