യു.എസിന്റെ ആളില്ലാ ഡ്രോൺ കപ്പൽ തകർത്തു; ഹോർമുസ് പൂർണ നിരീക്ഷണത്തിലാണെന്ന് ഇറാൻ

  1. Home
  2. International

യു.എസിന്റെ ആളില്ലാ ഡ്രോൺ കപ്പൽ തകർത്തു; ഹോർമുസ് പൂർണ നിരീക്ഷണത്തിലാണെന്ന് ഇറാൻ

iran attack


ഹോർമുസ് കടലിടുക്കിന്റെ പ്രവേശന കവാടത്തിന് സമീപം അമേരിക്കയുടെ ആളില്ലാ ഡ്രോൺ കപ്പൽ (USV) തകർത്തതായി ഇറാന്റെ ഇസ്‌ലാമിക് റെവലൂഷണറി ഗാർഡ് കോർ (IRGC) വ്യക്തമാക്കി. തന്ത്രപ്രധാനമായ മേഖലയിൽ രഹസ്യാന്വേഷണ ദൗത്യം നടത്തുന്നതിനിടെയാണ് യാനം ആക്രമിക്കപ്പെട്ടത്. നേരിട്ടുള്ള സായുധ ഏറ്റുമുട്ടലുകൾ ഒഴിവാക്കാൻ യു.എസ് ഇത്തരം ആളില്ലാ നിരീക്ഷണ യാനങ്ങൾ മേഖലയിൽ നിരന്തരം വിന്യസിച്ചു വരികയായിരുന്നുവെന്ന് ഇറാൻ നാവികസേന അവകാശപ്പെട്ടു.

'സിൽഡ്രോൺ' വിഭാഗത്തിൽപ്പെട്ട 5838 നമ്പർ ഹൾ ഉള്ള, ഏകദേശം ഏഴ് മീറ്റർ നീളമുള്ള ഡ്രോൺ കപ്പലാണ് തകർത്തത്. ദീർഘനേരം സമുദ്രത്തിൽ തുടരാൻ ശേഷിയുള്ള ഈ യാനത്തിൽ അത്യാധുനിക ക്യാമറകളും സെൻസറുകളും ആശയവിനിമയ ഉപാധികളും സജ്ജീകരിച്ചിരുന്നു. അമേരിക്കൻ അഞ്ചാം നാവികസേനയുടെ നിയന്ത്രണത്തിലുള്ള ഇത്തരം സംവിധാനങ്ങൾ നിലവിൽ ഒമാനിലെ ഖസബ് കേന്ദ്രീകരിച്ചുള്ള സൈനിക യൂണിറ്റാണ് പ്രവർത്തിപ്പിച്ചു വരുന്നത്.

ഹോർമുസ് കടലിടുക്ക് നിലവിൽ പൂർണമായും അടച്ചിട്ടിരിക്കുകയാണെന്നും മേഖല തങ്ങളുടെ കർശനമായ രഹസ്യാന്വേഷണ നിരീക്ഷണത്തിലാണെന്നും ഐ.ആർ.ജി.സി നാവിക കമാൻഡർ അലി ഒസ്മായി മുന്നറിയിപ്പ് നൽകി. മേഖലയിൽ ഉണ്ടാകുന്ന ശത്രുതാപരമായ ഏത് സാന്നിധ്യത്തെയും പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.