അദാനിക്കെതിരായ കൈക്കൂലി-തട്ടിപ്പ് കേസ് യുഎസ് പിൻവലിക്കുന്നു; റിപ്പോർട്ടുകളുമായി ബ്ലൂംബെർഗ്
ഇന്ത്യൻ വ്യവസായി ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ ചുമത്തിയിരുന്ന 265 മില്യൺ ഡോളറിന്റെ കൈക്കൂലി-തട്ടിപ്പ് കേസ് പിൻവലിക്കാൻ യുഎസ് നീതിന്യായ വകുപ്പ് ഒരുങ്ങുന്നതായി റിപ്പോർട്ട്. അദാനി ഉൾപ്പെടെയുള്ളവർക്കെതിരെ ചുമത്തിയ കുറ്റങ്ങൾ പിൻവലിക്കാനുള്ള നീക്കങ്ങൾ നടക്കുകയാണെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ഇതിനുപുറമെ, യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷൻ (SEC) ഫയൽ ചെയ്ത സിവിൽ കേസും ഒത്തുതീർപ്പാക്കാൻ നടപടികൾ ആരംഭിച്ചതായാണ് സൂചനകൾ.
ഇന്ത്യയിലെ വൻകിട സൗരോർജ്ജ പദ്ധതിക്കായി സർക്കാർ ഉദ്യോഗസ്ഥർക്ക് കോടിക്കണക്കിന് രൂപ കൈക്കൂലി നൽകിയെന്നും നിക്ഷേപകരെ കബളിപ്പിച്ചെന്നുമാണ് അദാനിക്കെതിരെയുള്ള പ്രധാന ആരോപണം. ഗൗതം അദാനി, സാഗർ അദാനി, അദാനി ഗ്രീൻ എനർജി മുൻ സിഇഒ വിനീത് ജെയ്ൻ എന്നിവർ പദ്ധതിയുടെ പേരിൽ മൂന്ന് ബില്യൺ ഡോളറിലധികം വായ്പകളിലൂടെയും ബോണ്ടുകളിലൂടെയും സമാഹരിച്ചതായും കുറ്റപത്രത്തിൽ മുൻപ് ആരോപിച്ചിരുന്നു.
ഈ കേസ് പിൻവലിക്കാനുള്ള നീക്കം അദാനി ഗ്രൂപ്പിന് ആഗോളതലത്തിൽ വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുഎസ് നിയമവിഭാഗത്തിന്റെ അന്തിമ തീരുമാനം പുറത്തുവരുന്നതോടെ മാത്രമേ ഈ നടപടികളുടെ കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂ.
