യുഎസ്-ഇറാൻ സംഘർഷം രൂക്ഷം; ഇറാനിൽ കനത്ത വ്യോമാക്രമണം:260-ലധികം പേർക്ക് പരിക്കേറ്റു
പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ രൂക്ഷമാകുന്നു. ഹോർമുസ് കടലിടുക്കിൽ വാണിജ്യകപ്പലുകൾക്കുനേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നാലെ ഇറാനിൽ കനത്ത വ്യോമാക്രമണം നടത്തി യുഎസ്. ആക്രമണത്തിൽ 260-ലധികം പേർക്ക് പരുക്കേറ്റതായി ഇറാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.
ചൊവ്വാഴ്ച രാത്രി മുഴുവൻ നീണ്ടുനിന്ന ആക്രമണത്തിൽ യുഎസ് യുദ്ധവിമാനങ്ങൾ ഇറാനു മേൽ വൻതോതിൽ ബോംബുകളും മിസൈലുകളും വർഷിക്കുകയായിരുന്നു. പരുക്കേറ്റവരുടെ എണ്ണം 260 കടന്നതായി ഇറാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാൽ മരണസംഖ്യ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച വാണിജ്യകപ്പലുകൾക്ക് നേരെ ഇറാൻ തുടർച്ചയായി ആക്രമണം നടത്തിയെന്നാണ് യുഎസിന്റെ ആരോപണം. ഏറ്റവും ഒടുവിലുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടിരുന്നു. അനുവദനീയമല്ലാത്ത പാതയിലൂടെ സഞ്ചരിച്ചെന്നാരോപിച്ചാണ് ഇറാൻ ആക്രമണം നടത്തിയതെന്ന് റിപ്പോർട്ടുകളുണ്ട്. വാണിജ്യകപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണമുണ്ടായതോടെയാണ് യുഎസ് ശക്തമായ പ്രത്യാക്രമണത്തിന് മുതിർന്നത്.
