യു.എ.ഇയിൽ വാഹന രജിസ്ട്രേഷൻ രണ്ട് വർഷത്തേക്ക്; 2027 മുതൽ പുതിയ സംവിധാനം

  1. Home
  2. International

യു.എ.ഇയിൽ വാഹന രജിസ്ട്രേഷൻ രണ്ട് വർഷത്തേക്ക്; 2027 മുതൽ പുതിയ സംവിധാനം

vehicle uae


യു.എ.ഇയിൽ യോഗ്യതയുള്ള ലൈറ്റ് വാഹനങ്ങൾക്ക് രണ്ട് വർഷത്തേക്ക് രജിസ്ട്രേഷൻ അനുവദിക്കുന്ന പുതിയ ഫെഡറൽ ട്രാഫിക് നിയമം 2027 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. നിലവിൽ ഒരു വർഷത്തേക്കുള്ള രജിസ്ട്രേഷൻ നൽകുന്ന സ്ഥാനത്താണ്, വാഹന ഉടമ ആവശ്യപ്പെടുന്ന പക്ഷം ലൈസൻസിങ് അതോറിറ്റി രണ്ട് വർഷത്തെ രജിസ്ട്രേഷൻ അനുവദിക്കുക.

ആദ്യമായി രജിസ്റ്റർ ചെയ്യുന്ന സമയത്ത് പുതിയ വാഹനമായിരിക്കണം, നിർമാണ തീയതി മുതൽ ആറു വർഷത്തിൽ കൂടുതൽ പഴക്കമുണ്ടാകരുത്, വാഹനം വ്യക്തിയുടെ പേരിലായിരിക്കണം എന്നിവയാണ് പ്രധാന നിബന്ധനകൾ. കമ്പനികളുടെ പേരിലുള്ള വാഹനങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല. യു.എ.ഇ പൗരന്മാർക്കും പ്രവാസികൾക്കും ഒരുപോലെ ബാധകമായ ഈ സൗകര്യത്തിന് അധിക ഫീസ് ഈടാക്കുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല.

കൂടാതെ, വലതുവശത്ത് സ്റ്റിയറിങ് ഉള്ള വാഹനങ്ങൾക്ക് യു.എ.ഇയിൽ രജിസ്ട്രേഷൻ നൽകില്ലെന്നും പുതിയ നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്. അഞ്ചു വർഷത്തിലധികമായി രജിസ്ട്രേഷൻ പുതുക്കാത്ത വാഹനങ്ങളെ ട്രാഫിക് രേഖകളിൽ നിന്ന് പൂർണമായി നീക്കം ചെയ്യാനുള്ള അധികാരവും അതോറിറ്റികൾക്ക് നിയമം നൽകുന്നു.