സൗദിയിൽ ബഹ്‌റൈൻ കുടുംബങ്ങൾ സഞ്ചരിച്ച വാഹനങ്ങൾ അപകടത്തിൽപ്പെട്ടു; രണ്ട് മരണം, നിരവധിപ്പേർക്ക് പരിക്ക്
സൗദി അറേബ്യയിലുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് ബഹ്‌റൈൻ സ്വദേശികൾ മരിച്ചു. മക്കയിൽ നിന്ന് മദീനയിലേക്ക് തീർത്ഥാടകരുമായി പോവുകയായിരുന്ന ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു യുവതിയും, റിയാദിന് സമീപമുണ്ടായ മറ്റൊരു അപകടത്തിൽ ഒരു പെൺകുട്ടിയുമാണ് മരണപ്പെട്ടത്.
മക്ക-മദീന പാതയിലുണ്ടായ ബസ് അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്കുകൾ ഗുരുതരമല്ലെന്നും ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും സൗദിയിലെ ബഹ്‌റൈൻ എംബസി അറിയിച്ചു. രണ്ടാമത്തെ അപകടം റിയാദിന് തെക്കുള്ള ഹൗത ബാനി തമീം എന്ന സ്ഥലത്താണ് സംഭവിച്ചത്. ഏഴംഗ ബഹ്‌റൈൻ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഈ കുടുംബത്തിലെ മറ്റ് അംഗങ്ങൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടത്തിൽപ്പെട്ടവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാൻ സൗദിയിലെ ബഹ്‌റൈൻ എംബസി രംഗത്തുണ്ട്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം, മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നിയമനടപടികൾ എംബസി വേഗത്തിലാക്കുന്നുണ്ട്. മക്ക-മദീന പാതയിൽ അപകടത്തിൽപ്പെട്ട സംഘത്തിലെ 13 പേർ ബഹ്‌റൈനിലേക്ക് മടങ്ങാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ഇവർക്ക് ആവശ്യമായ യാത്രാ സൗകര്യങ്ങൾ ഒരുക്കുമെന്നും അധികൃതർ വ്യക്തമാക്കി.
