യു.എ.ഇയിലെ സ്വകാര്യ സ്‌കൂളുകളിൽ വി.പി.എൻ ആപ്പുകൾക്ക് വിലക്ക്; നെറ്റ്‌വർക്ക് സുരക്ഷ കർശനമാക്കി
യു.എ.ഇയിലെ സ്വകാര്യ സ്‌കൂൾ കാമ്പസുകൾക്കുള്ളിൽ വി.പി.എൻ (Virtual Private Network) ആപ്പുകൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി. 2026-27 അധ്യയന വർഷത്തിൽ ഡിജിറ്റൽ നെറ്റ്‌വർക്ക് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. സ്കൂളിന്റെ ഔദ്യോഗിക വിദ്യാഭ്യാസ-ഭരണപരമായ ആവശ്യങ്ങൾക്കൊഴികെ പ്രൈവറ്റ് വെർച്വൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നത് തടയാൻ കർശന നിയമങ്ങളാണ് രൂപീകരിച്ചിരിക്കുന്നത്.
കാമ്പസിനുള്ളിലും സ്കൂളിന് പുറത്തുള്ള സഹപാഠ്യപദ്ധതി സമയങ്ങളിലും വൈഫൈ, വ്യക്തിഗത ഉപകരണങ്ങൾ എന്നിവ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുന്നത് സംബന്ധിച്ച് സ്കൂളുകൾ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും സർക്കുലർ അയച്ചിട്ടുണ്ട്. അനുചിതമായ ഉള്ളടക്കങ്ങൾ, സുരക്ഷിതമല്ലാത്ത ഓൺലൈൻ ബന്ധങ്ങൾ, സൈബർ ബുള്ളിയിങ്, സാമ്പത്തിക തട്ടിപ്പുകൾ തുടങ്ങിയ സൈബർ ഭീഷണികളിൽ നിന്ന് വിദ്യാർഥികളെ സംരക്ഷിക്കാൻ പ്രത്യേക ഫിൽട്ടറിങ് സിസ്റ്റങ്ങളും ബോധവൽക്കരണ സമിതികളും സ്കൂളുകളിൽ സജ്ജമാക്കിയിട്ടുണ്ട്.
സാങ്കേതിക നിയന്ത്രണങ്ങൾക്ക് പുറമെ ബോധവൽക്കരണവും അനിവാര്യമാണെന്ന് വിദ്യാഭ്യാസ വിദഗ്ധരായ മുഹമ്മദ് ഘോനൈം, അമാനി ഖുർഷിദ്, സഹർ നാദി എന്നിവർ ചൂണ്ടിക്കാട്ടി. സ്കൂൾ സമയത്തിന് പുറത്തും കുട്ടികളുടെ ഡിജിറ്റൽ ഉപകരണ ഉപയോഗം നിരീക്ഷിക്കുന്നതിൽ രക്ഷിതാക്കളുടെ സജീവ പങ്കാളിത്തം വേണമെന്ന് സ്കൂൾ അധികൃതർ അഭ്യർത്ഥിച്ചു.
