ദുബായിൽ വാരാന്ത്യത്തിൽ ഗതാഗത നിയന്ത്രണം; ഹെസ്സ സ്ട്രീറ്റിലും അൽ ഖലീജ് സ്ട്രീറ്റിലും വഴിതിരിച്ചുവിടൽ
റോഡ് വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ഈ വാരാന്ത്യത്തിൽ ദുബായിലെ പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ഹെസ്സ സ്ട്രീറ്റ്, അൽ ഖലീജ് സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് പ്രധാനമായും ഗതാഗത മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.
ഹെസ്സ സ്ട്രീറ്റും ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റും സംഗമിക്കുന്ന ജംഗ്ഷനിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ പ്രമാണിച്ച് ഏപ്രിൽ 4 ശനിയാഴ്ച രാത്രി 11 മണി മുതൽ ഏപ്രിൽ 6 തിങ്കളാഴ്ച രാവിലെ 8 മണി വരെ നിയന്ത്രണമുണ്ടാകും. ഈ ഭാഗത്തെ തിരക്ക് ഒഴിവാക്കാനായി യാത്രക്കാർ അൽ അസായൽ സ്ട്രീറ്റ്, അൽ സുഫൂഹ് സ്ട്രീറ്റ്, ഷെയ്ഖ് സായിദ് റോഡ് എന്നിവ ബദൽ മാർഗങ്ങളായി ഉപയോഗിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
അൽ ഖലീജ് സ്ട്രീറ്റിൽ കെയ്‌റോ സ്ട്രീറ്റ് റൗണ്ട് എബൗട്ടിനും അൽ വഹീദ സ്ട്രീറ്റ് റൗണ്ട് എബൗട്ടിനും ഇടയിൽ അൽ മംസാർ ഭാഗത്തേക്ക് പോകുന്നവർക്കും വഴിതിരിച്ചുവിടൽ ബാധകമായിരിക്കും. ഏപ്രിൽ 5 ഞായറാഴ്ച പുലർച്ചെ 12 മണി മുതൽ ഏപ്രിൽ 6 തിങ്കളാഴ്ച പുലർച്ചെ 5 മണി വരെയാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. യാത്രക്കാർ റോഡിലെ ദിശാസൂചകങ്ങൾ കൃത്യമായി പാലിക്കണമെന്നും യാത്രയ്ക്ക് മുൻകൂട്ടി കൂടുതൽ സമയം കണ്ടെത്തണമെന്നും ആർടിഎ അഭ്യർത്ഥിച്ചു. ഷാർജ ഭാഗത്തുനിന്നും ദുബായിലേക്ക് വരുന്നവർക്കും തിരികെ പോകുന്നവർക്കും ഈ നിയന്ത്രണങ്ങൾ ബാധകമായേക്കാം എന്നതിനാൽ യാത്ര സുഗമമാക്കാൻ ബദൽ റോഡുകളെ ആശ്രയിക്കുന്നത് നന്നായിരിക്കും.
