തിരിച്ചെത്തുന്ന കുടുംബങ്ങൾക്ക് ‘വെൽക്കം ബാക്ക്’ സ്വീകരണം; വേറിട്ട പദ്ധതിയുമായി അബൂദബി
വേനലവധി കഴിഞ്ഞ് എമിറേറ്റിൽ തിരിച്ചെത്തുന്ന കുടുംബങ്ങൾക്കായി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രത്യേക സ്വീകരണമൊരുക്കി അധികൃതർ. അബൂദബി സാംസ്‌കാരിക വകുപ്പും (DCT അബൂദബി) ഇത്തിഹാദ് എയർവേസും അബൂദബി എയർപോർട്ടും സംയുക്തമായി 'വെൽക്കം ബാക്ക് ടു അബൂദബി' എന്ന പേപ്പറിലാണ് പദ്ധതി നടപ്പാക്കുന്നത്. വിമാനത്തിലിറങ്ങുന്ന കുടുംബങ്ങൾക്ക് പ്രത്യേക 'ബോർഡിങ് പാസ്' നൽകിയാണ് അധികൃതർ വരവേൽക്കുന്നത്.
എമിറേറ്റിലെ പ്രധാന സാംസ്‌കാരിക കേന്ദ്രങ്ങൾ, സന്ദർശന സമയങ്ങൾ, പ്രദർശനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ക്യു.ആർ. കോഡാണ് ഈ ബോർഡിങ് പാസിലുള്ളത്. പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും സാദിയാത്ത് കൾച്ചറൽ ഡിസ്ട്രിക്റ്റിലെ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള തിരഞ്ഞെടുക്കപ്പെട്ട മ്യൂസിയങ്ങളിൽ പ്രവേശനം സൗജന്യമായിരിക്കും. കൂടാതെ കുട്ടികൾക്ക് പ്രത്യേക സ്മരണികകളും സമ്മാനിക്കുന്നുണ്ട്.
അവധിക്കാലം കഴിഞ്ഞെത്തുന്ന കുടുംബങ്ങളുടെ സാംസ്‌കാരിക പഠനവും വിനോദവും തുടരുക എന്ന ലക്ഷ്യത്തോടെയാണ് ഉദ്യമം ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ അബൂദബി ഫെസ്റ്റിവൽ 2026, മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവൽ, ഗുഗ്ഗൻഹൈം അബൂദബിയുടെ ഉദ്ഘാടനം ഉൾപ്പെടെ വൻ സാംസ്‌കാരിക പരിപാടികളാണ് എമിറേറ്റിൽ കാത്തിരിക്കുന്നത്
