പ്രവാസി തൊഴിലാളികൾക്കായുള്ള ക്ഷേമപദ്ധതികൾ ഡിജിറ്റലാകുന്നു; ദുബായ് ജിഡിആർഎഫ്എ ധാരണാപത്രം ഒപ്പുവെച്ചു

  1. Home
  2. International

പ്രവാസി തൊഴിലാളികൾക്കായുള്ള ക്ഷേമപദ്ധതികൾ ഡിജിറ്റലാകുന്നു; ദുബായ് ജിഡിആർഎഫ്എ ധാരണാപത്രം ഒപ്പുവെച്ചു

dubai gdrfa


ദുബായിലെ പ്രവാസി തൊഴിലാളികൾക്കായി നടപ്പാക്കുന്ന ക്ഷേമപദ്ധതികളും ബോധവൽക്കരണ പരിപാടികളും കൂടുതൽ ഡിജിറ്റലാക്കുന്നു. സേവനങ്ങൾ വെർച്വൽ പ്ലാറ്റ്‌ഫോമുകളിലൂടെ വേഗത്തിൽ ലഭ്യമാക്കുന്നതിനായി യുഎഇ ആസ്ഥാനമായുള്ള 'അഡ്വാന്റേജ് ടെക്‌നോളജി'യുമായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) ധാരണാപത്രം ഒപ്പുവെച്ചു. ദുബായ് ജിഡിആർഎഫ്എ ലേബർ റിലേഷൻസ് റെഗുലേഷൻ സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ കേണൽ ഒമർ മത്തർ അൽ മസീനയും അഡ്വാന്റേജ് ടെക്‌നോളജി ഉടമ ഫൈസൽ അബ്ദുൽ അസീസ് അബ്ദുല്ല അൽ സറൂനിയുമാണ് കരാറിൽ ഒപ്പുവെച്ചത്.

ദുബായുടെ ഡിജിറ്റൽ പരിവർത്തന കാഴ്ചപ്പാടിന് കരുത്തുപകരുന്നതിനും സർക്കാർ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനുമാണ് ഈ പുതിയ ചുവടുവെപ്പ്. 'പ്ലാറ്റ്‌ഫോം ആസ് എ സർവീസ്' മാതൃകയിലൂടെ തൊഴിലാളികൾക്കുള്ള പരിശീലന പരിപാടികൾ, ബോധവൽക്കരണ ക്യാമ്പുകൾ, ആശയവിനിമയങ്ങൾ എന്നിവ സുഗമമാക്കുന്നതിനായി പ്രത്യേക ഡിജിറ്റൽ പ്ലാറ്റ്‌ഫോം വികസിപ്പിക്കും. കൂടാതെ തൊഴിലാളികളുടെ നൈപുണ്യ വികസനത്തിനും ഉൽപാദനക്ഷമത മെച്ചപ്പെടുത്തുന്നതിനുമായി പ്രത്യേക പദ്ധതികളും നൂതന സാങ്കേതിക പരിഹാരങ്ങളും ആവിഷ്‌കരിക്കും.

സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം സർക്കാർ സംവിധാനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുമെന്ന് കേണൽ ഒമർ മത്താർ അൽ മസീന പറഞ്ഞു. അത്യാധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിലൂടെ കൂടുതൽ സംയോജിതവും മികച്ചതുമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിർമിതബുദ്ധിയും ഡിജിറ്റൽ നവീകരണവും പ്രയോജനപ്പെടുത്തി സർക്കാർ സേവനങ്ങൾ കൂടുതൽ സുസ്ഥിരമായി എത്തിക്കാനുള്ള ജിഡിആർഎഫ്എയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം.