എന്താണ് ഈ എബോള വൈറസ്; എങ്ങനെ പകരുന്നു? ലക്ഷണങ്ങൾ എന്തൊക്കെ

  1. Home
  2. International

എന്താണ് ഈ എബോള വൈറസ്; എങ്ങനെ പകരുന്നു? ലക്ഷണങ്ങൾ എന്തൊക്കെ

image


അത്യന്തം അപകടകാരിയായ ഒരു വൈറസ് രോഗമാണ് എബോള. ഇത് മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നു.കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ലോകത്തെ പലവട്ടം ഈ വൈറസ് ഭീതിയിലാഴ്ത്തിയിട്ടുണ്ടെങ്കിലും ,എബോളയുടെ ,അത്യപൂർവ വകഭേദമായി ശാസ്ത്രലോകം കണക്കാക്കുന്ന ബൂൻഡി ബുഗ്യോ വകഭേദമാണ് നിലവിലെ വില്ലൻ.ആഫ്രിക്കൻ രാജ്യങ്ങളായ കോംഗോ, യുഗാണ്ട ,ദക്ഷിണ സുഡാൻ എന്നിവിടങ്ങളിലാണ് നിലവിൽ എബോള പടർന്നുപിടിക്കുന്നത്. ഇതുവരെ 130ലേറെ മരണം. 600ലേറെ രോഗബാധിതർ. കൃത്യമായ വാക്‌സിനോ പ്രത്യേക ചികിത്സയോ ഇല്ല എന്നതും ഈ വകഭേദത്തെ കൂടുതൽ അപകടകാരിയാക്കുന്നു.

1976 ലാണ് എബോള ആദ്യമായി പ്രത്യക്ഷപ്പെട്ടത്.ഇക്കഴിഞ്ഞ ഏപ്രിൽ അവസാനത്തോടെ കോംഗോയിലെ ഇറ്റൂരി പ്രവിശ്യയിലാണ് ബൂൻഡി ബുഗ്യോ ആദ്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞവർഷം ഓഗസ്റ്റിലും കോംഗോയിൽ എബോള വ്യാപനമുണ്ടായി. അന്ന് 34 പേർക്ക് ജീവൻ നഷ്ടമായി. 2018 മുതൽ 2020 വരെയുള്ള കാലത്ത് എബോള ബാധിച്ച് 2300 പേർ മരണപ്പെട്ടു. അന്ന് പടർന്ന വൈറസ് വകഭേദത്തിന് വാക്‌സിനുള്ളതിനാൽ രോഗവ്യാപനം ഒരുപരിധി വരെ
നിയന്ത്രിക്കാൻ സാധിച്ചു. 2014-2016 കാലഘട്ടത്തിൽ 28,000ത്തിലധികം പേർക്ക് രോഗം ബാധിച്ചിരുന്നു. അന്ന് 10000ത്തിലേറെ പേരാണ് മരണപ്പെട്ടത് .

ഇനി എങ്ങനെയെന്ന് എബോള വൈറസ് പകരുന്നത്

ആഫ്രിക്കൻ പഴംതീനി വവ്വാലുകൾ, കുരങ്ങുകൾ തുടങ്ങിയ വനത്തിലെ സസ്തനികളുടെ ശരീരത്തിലെ എല്ലാതരം സ്രവങ്ങളിലും എബോള വൈറസ് കാണപ്പെടും. ഇവയുടെ രക്തം, വിസർജ്യം എന്നിവയുടെ സ്പർശനത്തിലൂടെ രോഗാണുക്കൾ മനുഷ്യരിലേക്ക് പകരാം. കൂടാതെ ശരിയായി പാകം ചെയ്യാത്ത അവയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയും വൈറസ് മനുഷ്യർക്ക് പിടിപെടാം. രോഗബാധിതരുടെയോ രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസർജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ വളരെ വേഗത്തിൽ രോഗം പകരാം.

ഇനി എന്തൊക്കെയാണ് ലക്ഷണങ്ങൾ

ശരീരത്തിൽ വൈറസ്പ്ര വേശിച്ചുകഴിഞ്ഞാൽ, 2 മുതൽ 21 ദിവസങ്ങൾക്കകം രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. തുടക്കത്തിൽ മറ്റ് പല രോഗങ്ങൾക്കുമുള്ള പൊതുവായ ലക്ഷണങ്ങളാണ് പ്രകടമാകുക. പെട്ടെന്നുണ്ടാകുന്ന കടുത്ത പനി, ശരീരവേദന, പേശിവേദന, തലവേദന, അസഹ്യമായ തൊണ്ടവേദന, കടുത്ത ക്ഷീണം എന്നിവയാണ് ആദ്യ ഘട്ടത്തിൽ അനുഭവപ്പെടുക.രോഗം മൂർച്ഛിക്കുന്നതോടെ ഛർദ്ദി, വയറിളക്കം, ചർമ്മത്തിൽ ചുവന്ന പാടുകൾ, വൃക്കകളുടെയും കരളിന്റെയും പ്രവർത്തന തകരാറുകൾ എന്നിവ സംഭവിക്കാം.രോഗം വീണ്ടും വഷളായാല്‍ ആന്തരികവും ബാഹ്യവുമായ രക്തസ്രാവം ഉണ്ടാകും