ഒമാനിൽ ഗോതമ്പ് വിളവെടുപ്പിന് തുടക്കം; ഭക്ഷ്യസുരക്ഷയിൽ പുത്തൻ പ്രതീക്ഷയുമായി മുദൈബി

  1. Home
  2. International

ഒമാനിൽ ഗോതമ്പ് വിളവെടുപ്പിന് തുടക്കം; ഭക്ഷ്യസുരക്ഷയിൽ പുത്തൻ പ്രതീക്ഷയുമായി മുദൈബി

oman


ഒമാനിലെ 2025-26 കാർഷിക സീസണിലെ ഗോതമ്പ് വിളവെടുപ്പിന് വടക്കൻ ഷർഖിയ ഗവർണറേറ്റിലെ മുദൈബിയിൽ ഔദ്യോഗിക തുടക്കമായി. കാർഷിക-മത്സ്യബന്ധന-ജലവിഭവ മന്ത്രാലയത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലും പിന്തുണയിലുമാണ് ഇത്തവണത്തെ വിളവെടുപ്പ് നടക്കുന്നത്. പ്രാദേശിക ഭക്ഷ്യ വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുന്നതിനും സുസ്ഥിരമായ കാർഷിക വികസനം ഉറപ്പാക്കുന്നതിനുമായി കർഷകർക്ക് മന്ത്രാലയം വലിയ തോതിലുള്ള പിന്തുണയാണ് നൽകുന്നതെന്ന് വടക്കൻ ഷർഖിയ കാർഷിക-മത്സ്യബന്ധന-ജലവിഭവ ഡയറക്ടറേറ്റ് ജനറൽ എൻജിനീയർ ഹമദ് ബിൻ റാഷിദ് അൽ സവായ് പറഞ്ഞു.

നവംബർ മാസത്തിൽ വിത്തിടുകയും ഏപ്രിൽ മാസത്തിൽ വിളവെടുപ്പ് നടത്തുകയും ചെയ്യുന്ന രീതിയിലാണ് ഒമാനിലെ ഗോതമ്പ് കൃഷി ക്രമീകരിച്ചിരിക്കുന്നത്. സബ്‌സിഡി നിരക്കിൽ ഗുണമേന്മയുള്ള വിത്തുകൾ നൽകുന്നതിനൊപ്പം ആധുനിക കാർഷികോപകരണങ്ങളും മന്ത്രാലയം കർഷകർക്ക് ലഭ്യമാക്കുന്നുണ്ട്. മുദൈബിയിലെ എട്ടേക്കറിലധികം വരുന്ന കൃഷിഭൂമിയിൽ പ്രധാനമായും 'വാദി ഖര്യത്ത് 226', 'വാദി ഖര്യത്ത് 110' എന്നീ ഇനങ്ങളാണ് കൃഷി ചെയ്തിരിക്കുന്നത്.

ഏറ്റവും പ്രശസ്തമായ 'കൗലി' ഇനത്തിന് പുറമെ അൽ-സരിയ, അൽ-മിസാനി, അൽ-ഹമിറ, അൽ-ജുറൈദ തുടങ്ങിയ നിരവധി ഗോതമ്പ് ഇനങ്ങൾ ഒമാനിൽ വിജയകരമായി കൃഷി ചെയ്യുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ജലസേചനം, വളപ്രയോഗം, കീടനിയന്ത്രണം എന്നിവയിൽ കർഷകർക്ക് കൃത്യമായ മാർഗനിർദേശങ്ങൾ നൽകുന്നതിലൂടെ മികച്ച വിളവ് നേടാനായെന്നും അൽ സവായ് കൂട്ടിച്ചേർത്തു.