ഫ്രാൻസിൽ പ്രക്ഷോഭത്തിന്റെ മറവിൽ വ്യാപക കൊള്ള; ആപ്പിൾ, ലൂയി വിറ്റോൺ സ്റ്റോറുകൾ തകർത്തു
ഫ്രാൻസിൽ ജീവിതച്ചെലവ് വർധിച്ചതിനെതിരെയുള്ള പ്രക്ഷോഭങ്ങൾ ശക്തമാകുന്നതിനിടെ വൻകിട ആഡംബര ഫാഷൻ സ്റ്റോറുകളും പ്രമുഖ റീട്ടെയിൽ സ്ഥാപനങ്ങളും വ്യാപകമായി കൊള്ളയടിക്കപ്പെട്ടു. ബോർഡോ, ലിൽ, പാരിസ് തുടങ്ങിയ പ്രമുഖ നഗരങ്ങളിലെ വൻകിട ബ്രാൻഡുകളുടെ ഔട്ട്ലെറ്റുകൾ തകർത്താണ് അക്രമികൾ വൻതോതിൽ കവർച്ച നടത്തിയത്.
ബോർഡോ നഗരത്തിൽ ആപ്പിൾ സ്റ്റോറിന് പുറമേ പ്രശസ്ത ആഡംബര ഫാഷൻ ബ്രാൻഡുകളായ ലൂയി വിറ്റോൺ (Louis Vuitton), ഹെർമീസ് (Hermès) എന്നിവയുടെ ഷോറൂമുകളുടെ ചില്ലുകൾ തകർത്താണ് അക്രമികൾ സാധനങ്ങൾ കൊള്ളയടിച്ചത്. തലസ്ഥാനമായ പാരിസിലും ലിയോൺ, മാർസെയിൽ, റൂവൻ, നാന്റ്സ്, തുലൂസ് തുടങ്ങിയ നഗരങ്ങളിലും കവർച്ചയും അക്രമ സംഭവങ്ങളും പടർന്നുപിടിച്ചു. ലിയോണിലെ ടൂറിസം സെന്ററിന് അക്രമികൾ തീയിടുകയും മാർസെയിൽ മുനിസിപ്പൽ ആസ്ഥാനത്ത് കടന്നുകയറിയവർ ദേശീയ പ്രതീകമായ 'മരിയാനെ'യുടെ പ്രതിമ തല്ലിത്തകർക്കുകയും ചെയ്തു.
ജനകീയ പ്രക്ഷോഭത്തിന്റെ മറവിൽ കുറ്റവാളികൾ കടന്നുകൂടിയാണ് കവർച്ചയും നാശനഷ്ടങ്ങളും ഉണ്ടാക്കുന്നതെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു ആരോപിച്ചു. കടകളും വ്യാപാരസ്ഥാപനങ്ങളും ആക്രമിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് കർശനമായി ശിക്ഷിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി.
