സൗദിയിൽ പരക്കെ മഴയ്ക്ക് സാധ്യത; പത്തോളം പ്രവിശ്യകളിൽ ജാഗ്രതാ നിർദ്ദേശം

  1. Home
  2. International

സൗദിയിൽ പരക്കെ മഴയ്ക്ക് സാധ്യത; പത്തോളം പ്രവിശ്യകളിൽ ജാഗ്രതാ നിർദ്ദേശം

saudi


സൗദി അറേബ്യയിലെ പത്തോളം പ്രവിശ്യകളിൽ വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തെ ഭൂരിഭാഗം മേഖലകളിലും മിതമായതോ അതിശക്തമായതോ ആയ ഇടിമിന്നലോടു കൂടിയ മഴ ലഭിക്കുമെന്നാണ് പ്രവചനം. റിയാദ്, ഖസീം, ഹാഇൽ, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലും മക്ക, മദീന എന്നീ നഗരങ്ങളുടെ കിഴക്കൻ ഭാഗങ്ങളിലും മഴ ശക്തമായിരിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുള്ളതിനാൽ മലവെള്ളപ്പാച്ചിലുണ്ടാകാൻ ഇടയുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. അൽ ബാഹ, അസീർ, ജിസാൻ, നജ്‌റാൻ തുടങ്ങിയ തെക്കൻ പ്രവിശ്യകളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മഴ പെയ്യുന്ന ഇടങ്ങളിൽ മഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ റോഡുകളിൽ കാഴ്ചപരിധി കുറയാൻ ഇടയുണ്ട്.

ശക്തമായ പൊടിക്കാറ്റിനും സാധ്യതയുള്ളതിനാൽ വാഹനയാത്രക്കാരും പൊതുജനങ്ങളും അതീവ ജാഗ്രത പുലർത്തണമെന്ന് സിവിൽ ഡിഫൻസ് ഉൾപ്പെടെയുള്ള വകുപ്പുകൾ നിർദ്ദേശിച്ചു. അസ്ഥിരമായ കാലാവസ്ഥ നിലനിൽക്കുന്നതിനാൽ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അനാവശ്യമായ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.