ഒമാനിൽ ശീതകാലത്തിന് തുടക്കം; സായ്ഖിൽ താപനില മൈനസിന് താഴെ, അഡ്വഞ്ചർ ടൂറിസത്തിന് വിലക്ക്
ഒമാനിൽ ഔദ്യോഗികമായി ശീതകാലം ആരംഭിച്ചതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തണുപ്പ് റെക്കോർഡുകൾ ഭേദിക്കുന്നു. ദാഖിലിയ ഗവർണറേറ്റിലെ സായ്ഖിൽ താപനില മൈനസ് രണ്ട് ഡിഗ്രിയിലേക്ക് (-2°C) താഴ്ന്നതായാണ് റിപ്പോർട്ട്. വരും ദിവസങ്ങളിൽ രാജ്യത്തിന്റെ ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയുണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ദാഖിലിയയിലെ സായ്ഖിന് പുറമെ മറ്റ് ഗവർണറേറ്റുകളിലും തണുപ്പ് ക്രമാതീതമായി വർധിച്ചിട്ടുണ്ട്. ദുമൈത്ത്, ഹൈമ എന്നിവിടങ്ങളിൽ ആറ് ഡിഗ്രി സെൽഷ്യസും മഹദ, സുനൈന എന്നിവിടങ്ങളിൽ 8.4 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി. ഹംറ അൽ ദുറൂഅയിൽ 8.5 ഡിഗ്രിയാണ് ഇന്നത്തെ കുറഞ്ഞ താപനില. ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം ഒമാനിൽ ഇത്തവണത്തെ ശീതകാലം 88 ദിവസം നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അസ്ഥിരമായ കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ സന്ദർശകരുടെ സുരക്ഷ മുൻനിർത്തി ഒമാനിൽ സാഹസിക ടൂറിസത്തിന് (Adventure Tourism) അധികൃതർ താൽക്കാലിക വിലക്കേർപ്പെടുത്തിയിട്ടുണ്ട്. യാത്രാ സംഘങ്ങളും വിനോദസഞ്ചാരികളും സാഹസിക വിനോദങ്ങളിൽ ഏർപ്പെടുന്നതിൽ നിന്നും അത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിൽ നിന്നും വിട്ടുനിൽക്കണമെന്ന് ടൂറിസം മന്ത്രാലയം കർശന നിർദ്ദേശം നൽകി. കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണമെന്നും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
