അബുദാബിയിൽ നിന്നുള്ള യൂറോപ്യൻ സർവീസുകൾ പുനരാരംഭിക്കുന്നത് ജനുവരിയിലേക്ക് മാറ്റി വിസ് എയർ
അബുദാബിയിൽ നിന്ന് യൂറോപ്പിലെ വിവിധ നഗരങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുന്നത് വിസ് എയർ വീണ്ടും നീട്ടിവെച്ചു. ഒക്ടോബർ അവസാനത്തോടെ ആരംഭിക്കാനിരുന്ന ആറ് സർവീസുകൾ ഇനി അടുത്ത വർഷം ജനുവരി 10-ഓടെ മാത്രമേ പുനരാരംഭിക്കൂ. ക്രാക്കോവ്, കട്ടോവിറ്റ്സ്, സോഫിയ, ക്ലുജ്, ലാർണക, ബുഡാപെസ്റ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളെയാണ് ഇത് ബാധിക്കുക.
യൂറോപ്യൻ യൂണിയൻ വ്യോമയാന സുരക്ഷാ ഏജൻസിയുടെ (EASA) പുതിയ സുരക്ഷാ നിർദേശങ്ങളും ഇറാഖ് വ്യോമാതിർത്തിയിലെ നിയന്ത്രണങ്ങളുമാണ് ഈ തീരുമാനത്തിന് പിന്നിൽ. ഇറാഖ് വ്യോമാതിർത്തി ഒഴിവാക്കി കൂടുതൽ ദൂരം പറക്കേണ്ടി വരുന്നതും, എയർബസ് എ321നിയോ വിമാനങ്ങൾക്ക് യാത്രാമധ്യേ ഇന്ധനം നിറയ്ക്കാൻ സാങ്കേതിക സ്റ്റോപ്പുകൾ വേണമെന്നതും നിലവിലെ ഉയർന്ന ഇന്ധനവിലയിൽ സർവീസ് ലാഭകരമല്ലാതാക്കുന്നു എന്ന് വിസ് എയർ വ്യക്തമാക്കി. മുൻകൂട്ടി ടിക്കറ്റെടുത്ത യാത്രക്കാരെ നേരിട്ട് ബന്ധപ്പെട്ട് ആവശ്യമായ പകരം സംവിധാനങ്ങൾ നൽകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
