യുവതിയുടെ ചങ്ങാത്തം മുതലയുമായി; വീഡിയോ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ
മുതലകളും ചീങ്കണ്ണികളും ഭൂമിയിലെ ഏറ്റവും അപകടകാരികളായ മൃഗങ്ങളില്‍പ്പെടുന്നു. ആക്രമണകാരികളായ ഈ വേട്ടക്കാരെ എല്ലാവരും ഭയപ്പെടുന്നു. എന്നാല്‍ മുതലയുമായി ചങ്ങാത്തം പുലര്‍ത്തുന്ന യുവതിയുടെ വീഡിയോ കണ്ട് എല്ലാവരും ഞെട്ടിപ്പോയി. സംഭവം എവിടെയാണെന്നു വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇന്ത്യയ്ക്കു വെളിയിലാണെന്നു വീഡിയോയില്‍നിന്നു വ്യക്തമാണ്. മൃഗശാലയില്‍ അല്ലെങ്കില്‍ ഏതെങ്കിലും മുതല സംരക്ഷണകേന്ദ്രത്തിലായിരുന്നു ലോകത്തെ ഞെട്ടിച്ച അസാധാരണമായ ചങ്ങാത്തനിമിഷങ്ങള്‍ അരങ്ങേറിയത്.
വീഡിയോ തുടങ്ങുമ്പോള്‍ നീല ഷര്‍ട്ടും ഷോട്‌സും ബൂട്‌സും തൊപ്പിയും ധരിച്ച യുവതി കെട്ടിയുണ്ടാക്കിയ കുളക്കരയില്‍ ഇരിക്കുന്നു. വെള്ളത്തില്‍നിന്നു യുവതിയുടെ സമീപത്തേക്കു ഭീമാകാരനായ മുതലയെത്തുന്നു. യുവതിയുടെ തലോടലും സാമീപ്യവും കൊതിക്കുന്നതുപോലെ മുതല തന്റെ തല യുവതിയുടെ അടുത്തേക്കു ചേര്‍ത്തുവയ്ക്കുന്നു. തന്റെ പ്രിയ ചങ്ങാതി എത്തിയതുപോലെ യുവതി മുതലയുടെ തലയില്‍ തലോടുന്നു. അനുസരണയുള്ള കുട്ടിയെപ്പോലെ മുതല അവളോടു പെരുമാറുന്നു. തുടര്‍ന്ന് മുതലയുടെ വായിലേക്ക് ഒരു കഷണം ഇറച്ചി യുവതി വച്ചുകൊടുക്കുന്നു. തീറ്റ കിട്ടിയ നന്ദി പ്രകാശിപ്പിച്ച് മുതല കുളത്തിലേക്കു മടങ്ങുന്നതോടെ വീഡിയോ അവസാനിക്കുന്നു.
ഞെട്ടിക്കുന്ന വീഡിയോയ്ക്ക് വിവിധ പ്രതികരണങ്ങളാണു ലഭിക്കുന്നത്. എല്ലാവരും യുവതിയുടെ ധൈര്യത്തെ പ്രകീര്‍ത്തിക്കുന്നു. അതേസമയം, ഇത്തരത്തിലുള്ള അപകടകരമായ സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനെക്കുറിച്ചും സമൂഹമാധ്യമങ്ങളില്‍ പ്രതികരണങ്ങളുണ്ടായി.