കുവൈത്തിൽ തൊഴിൽ പെർമിറ്റ് നടപടികൾ ഇനി എളുപ്പം; 'അഷ്അൽ' പോർട്ടൽ വഴി പുതിയ ഡിജിറ്റൽ സേവനങ്ങൾ
കുവൈത്തിൽ തൊഴിൽ വിസ നടപടികൾ കൂടുതൽ വേഗത്തിലാക്കാൻ ലക്ഷ്യമിട്ട് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) കൂടുതൽ ഓൺലൈൻ സേവനങ്ങൾ അവതരിപ്പിച്ചു. ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായി 'അഷ്അൽ' (Ash'al) പോർട്ടൽ വഴിയാണ് പുതിയ സേവനങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്. ഇത് സ്വകാര്യ മേഖലയിലെ തൊഴിലുടമകൾക്കും തൊഴിലാളികൾക്കും വലിയ ആശ്വാസമാകും.
മറ്റു മേഖലകളിൽ നിന്ന് വർക്ക് പെർമിറ്റിലേക്ക് മാറുന്നതിനുള്ള സൗകര്യം, പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഔദ്യോഗികമായി റദ്ദാക്കൽ, പ്രത്യേക സാഹചര്യങ്ങളിൽ നേരത്തെ റദ്ദാക്കിയ പെർമിറ്റുകൾ പുനഃസ്ഥാപിക്കൽ തുടങ്ങിയ പ്രധാന സേവനങ്ങൾ ഇനി ഓൺലൈനായി പൂർത്തിയാക്കാം. കുവൈത്ത് പൗരന്മാരുടെ പങ്കാളികൾ, മക്കൾ, വിധവകൾ, വിവാഹമോചിതരായ പങ്കാളികൾ എന്നിവർക്കും നിയമപരമായ പദവിയിൽ മാറ്റം വന്ന വ്യക്തികൾക്കും ഈ സേവനങ്ങൾ പ്രയോജനപ്പെടുത്താം.
സേവനങ്ങൾ ലഭ്യമാകുന്നതിന് തൊഴിലാളി കുവൈത്തിൽ ഉണ്ടായിരിക്കണം എന്നതാണ് പ്രധാന നിബന്ധന. കൂടാതെ പാസ്‌പോർട്ടിനും റെസിഡൻസിക്കും കൃത്യമായ കാലാവധി ഉണ്ടായിരിക്കണം. തൊഴിലാളിയുടെയോ സ്ഥാപനത്തിന്റെയോ ഫയലുകളിൽ നിയമപരമായ തടസ്സങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും ഒരാളുടെ പേരിൽ ഒരേസമയം ഒന്നിലധികം അപേക്ഷകൾ സമർപ്പിക്കാൻ പാടില്ലെന്നും അതോറിറ്റി വ്യക്തമാക്കി. സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലായതോടെ ഓഫീസ് കയറിയിറങ്ങാതെ തന്നെ നടപടികൾ പൂർത്തിയാക്കാൻ സാധിക്കും.
