ജോലിസ്ഥലങ്ങളിൽ സുരക്ഷയൊരുക്കാം; കർശന നിർദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം
മേഖലയിലെ സവിശേഷ സാഹചര്യം കണക്കിലെടുത്ത് സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കായി പുതിയ സുരക്ഷാ മാർഗനിർദേശങ്ങൾ പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം. അടിയന്തര സാഹചര്യങ്ങളിലും അസാധാരണ സന്ദർഭങ്ങളിലും ജോലിസ്ഥലങ്ങളിൽ പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ചാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. അപകടമുണ്ടായാൽ പരിഭ്രാന്തരാകാതെ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾക്കനുസരിച്ച് വേഗത്തിൽ പ്രതികരിക്കാൻ ഈ നിർദേശങ്ങൾ സഹായിക്കും.
പ്രതിരോധ സജ്ജീകരണങ്ങൾ മുൻകൂട്ടി മനസ്സിലാക്കാം
ഓരോ ജീവനക്കാരനും തന്റെ ജോലിസ്ഥലത്തെ എമർജൻസി എക്സിറ്റുകൾ, ഇവാക്വേഷൻ പാതകൾ (Evacuation Routes), അസംബ്ലി പോയിന്റ് എന്നിവയെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കണം. എമർജൻസി കോറിഡോറുകളിലും എക്സിറ്റുകളിലും യാതൊരുവിധ തടസ്സങ്ങളുമില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. കൂടാതെ, അഗ്നിശമന ഉപകരണങ്ങളുടെ (Fire Extinguishers) സ്ഥാനം മനസ്സിലാക്കുകയും അവ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കുകയും വേണം.
സുരക്ഷാ മുൻമുന്നറിയിപ്പ് ലഭിച്ചാൽ
സുരക്ഷാ സൈറണുകളോ അറിയിപ്പുകളോ ലഭിച്ചാൽ ഉടൻ ജോലി നിർത്തിവെച്ച് ശാന്തത പാലിക്കണം. നിശ്ചയിച്ചിട്ടുള്ള എവാക്വേഷൻ പാതകളിലൂടെ സുരക്ഷിതമായി പുറത്തിറങ്ങണം. സഹപ്രവർത്തകരെയും സന്ദർശകരെയും സഹായിക്കാൻ ശ്രദ്ധിക്കണം; പ്രത്യേകിച്ച് മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും മുൻഗണന നൽകണം. ഓടുകയോ തള്ളുകയോ ചെയ്യാതെ ശാന്തമായി നീങ്ങണം. ഇത്തരം സാഹചര്യങ്ങളിൽ ലിഫ്റ്റുകൾ ഒരു കാരണവശാലും ഉപയോഗിക്കരുത്.
അപകട സാഹചര്യങ്ങളിൽ ശ്രദ്ധിക്കാൻ
ഒഴിപ്പിക്കൽ പ്രക്രിയയ്ക്കിടെ മുന്നോട്ടുള്ള പാത സുരക്ഷിതമല്ലെന്ന് കണ്ടാൽ അത് ഉടൻ നിർത്തിവെച്ച് കെട്ടിടത്തിനുള്ളിലെ സുരക്ഷിതമായ ഭാഗത്തേക്ക് മാറണം. ഗ്ലാസ് ഭിത്തികളിൽ നിന്നും തുറസ്സായ സ്ഥലങ്ങളിൽ നിന്നും അകലം പാലിക്കണം. പുകയോ മറ്റോ പടരുന്നത് തടയാൻ വാതിലുകൾ അടയ്ക്കുകയും തങ്ങൾ എവിടെയാണെന്ന വിവരം അടിയന്തര നമ്പറിലോ സുരക്ഷാ ഉദ്യോഗസ്ഥരെയോ അറിയിക്കുകയും വേണം. സുരക്ഷിതമല്ലാത്ത പാതകളിലൂടെ പുറത്തുകടക്കാൻ ശ്രമിക്കരുത്.
അസംബ്ലി പോയിന്റിൽ എത്തിയാൽ എല്ലാവരും സുരക്ഷിതരാണെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ നിർദേശിക്കുന്നത് വരെ അവിടെ തുടരണം. ആരെങ്കിലും കെട്ടിടത്തിനുള്ളിൽ കുടുങ്ങിയതായി സംശയമുണ്ടെങ്കിൽ ഉടൻ അധികൃതരെ വിവരം അറിയിക്കണം. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഔദ്യോഗിക നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.
