ലോകകപ്പ് ആവേശം; ദുബായ് ജയിൽ അന്തേവാസികൾക്കായി പ്രത്യേക ഫുട്ബോൾ ടൂർണമെന്റ്
ആഗോള ഫുട്ബോൾ മാമാങ്കത്തിന്റെ ആവേശം ഉൾക്കൊണ്ട് ദുബായ് ജയിൽ അന്തേവാസികൾക്കായി പ്രത്യേക ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ലോകകപ്പിന് സമാനമായ രീതിയിൽ 12 ഗ്രൂപ്പുകളിലായി 48 ടീമുകളാണ് ഈ ആവേശപ്പോരാട്ടത്തിൽ മാറ്റുരയ്ക്കുന്നത്. ദുബായ് പൊലീസിന്റെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് പീനൽ ആൻഡ് കറക്ഷണൽ എസ്റ്റാബ്ലിഷ്‌മെന്റ്സും പോസിറ്റീവ് സ്പിരിറ്റ് കൗൺസിലും സംയുക്തമായാണ് ടൂർണമെന്റിന് തുടക്കമിട്ടത്. വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ സലാഹ് ജുമാ ബുഅസിബ ഉൾപ്പെടെയുള്ള പ്രമുഖ ഉദ്യോഗസ്ഥർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
തടവുകാരുടെ മാനസിക ഉല്ലാസത്തിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനുമായാണ് ഇത്തരം കായിക പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ‘സ്ഥാപനത്തേക്കാൾ മുൻഗണന മനുഷ്യത്വത്തിന്’ എന്ന തത്ത്വത്തിലൂന്നിയാണ് ജയിലിലെ പുനരധിവാസ പദ്ധതികൾ. ഇത്തരം കൂട്ടായ്മകൾ അന്തേവാസികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ സഹായിക്കും. വർഷം തോറും വിവിധ കായിക മത്സരങ്ങളും പരിശീലന പരിപാടികളും ദുബായ് പൊലീസ് തടവുകാർക്കായി ഒരുക്കാറുണ്ട്. കായിക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ആഗോള കായിക മാമാങ്കത്തിന്റെ ഭാഗമാകാൻ അന്തേവാസികൾക്ക് ലഭിച്ച വലിയൊരു അവസരമാണിതെന്ന് ലഫ്റ്റനന്റ് കേണൽ മുഹമ്മദ് അൽ ഉബൈദ്‌ലി കൂട്ടിച്ചേർത്തു.
