ലോകകപ്പ് മത്സരങ്ങൾ വിമാനത്തിൽ തത്സമയം കാണാം; കിടിലൻ പ്രഖ്യാപനവുമായി എമിറേറ്റ്സ്

  1. Home
  2. International

ലോകകപ്പ് മത്സരങ്ങൾ വിമാനത്തിൽ തത്സമയം കാണാം; കിടിലൻ പ്രഖ്യാപനവുമായി എമിറേറ്റ്സ്

emirates


ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ തങ്ങളുടെ വിമാനങ്ങൾക്കുള്ളിൽ തത്സമയം സംപ്രേഷണം ചെയ്യുമെന്ന് പ്രഖ്യാപിച്ച് ദുബായ് ആസ്ഥാനമായുള്ള പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്സ്. വിമാനം ടേക്ക്-ഓഫ് ചെയ്യുന്നത് മുതൽ ലാൻഡ് ചെയ്യുന്നത് വരെ ഒരൊറ്റ മത്സരം പോലും നഷ്ടമാകാതെ ഫുട്ബോൾ ആരാധകർക്ക് കളി കാണാമെന്നതാണ് കമ്പനി നൽകുന്ന ഉറപ്പ്.

എമിറേറ്റ്സിന്റെ വിഖ്യാതമായ ഇൻ-ഫ്ലൈറ്റ് എന്റർടൈൻമെന്റ് സിസ്റ്റമായ ‘ice’-ൽ ലഭ്യമായ 'Sport 24' എന്ന പ്രത്യേക സ്പോർട്സ് ചാനലിലൂടെയാണ് യാത്രക്കാർക്കായി ഈ സജ്ജീകരണമൊരുക്കുന്നത്. ജൂലൈ 19-ന് നടക്കുന്ന ഫൈനൽ വരെയുള്ള എല്ലാ ലോകകപ്പ് മത്സരങ്ങളും ഇതിലൂടെ തത്സമയം ലഭ്യമാകും. യാത്രക്കാർ ലോകത്ത് എവിടേക്ക് പറക്കുകയാണെങ്കിലും, 40,000 അടി ഉയരത്തിൽ വെച്ചുപോലും കളിക്കളത്തിലെ എല്ലാ ആവേശ നിമിഷങ്ങളും തത്സമയം ആസ്വദിക്കാൻ സാധിക്കും.

ഭൂരിഭാഗം എമിറേറ്റ്സ് വിമാനങ്ങളിലും ‘Sport 24’, ‘Sport 24 Extra’ എന്നിവയുൾപ്പെടെയുള്ള ലൈവ് ടെലിവിഷൻ സേവനങ്ങൾ നിലവിലുണ്ട്. വിമാനത്തിന്റെ തരവും റൂട്ടും അനുസരിച്ച് ഇതിൽ മാറ്റങ്ങൾ വരാം. ഇതുകൂടാതെ, ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്യുന്ന ഫുട്ബോൾ ആരാധകർക്കായി എമിറേറ്റ്സിന്റെ ദുബായ് ലോഞ്ചുകളിലും ലോകകപ്പ് മത്സരങ്ങൾ തത്സമയം കാണാൻ വിപുലമായ സ്ക്രീനിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഫുട്ബോളിന് പുറമെ, ഈ വേനൽക്കാലത്ത് നടക്കുന്ന എൻബിഎ ഫൈനൽസ് ബാസ്കറ്റ്ബോൾ, കാനഡ സെയിൽ ഗ്രാൻഡ് പ്രീ, ഫോർമുല 1 ബെൽജിയൻ ഗ്രാൻഡ് പ്രീ, ഫോർമുല 1 ഹംഗേറിയൻ ഗ്രാൻഡ് പ്രീ എന്നിവയും എമിറേറ്റ്സിന്റെ സ്പോർട്സ് ചാനലുകളിൽ തത്സമയം സംപ്രേഷണം ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.