ലോക ജനസംഖ്യാ ദിനം: 'യുവജനങ്ങളുടെ പ്രതീക്ഷകൾ സാക്ഷാത്കരിക്കുക' പ്രമേയവുമായി ഖത്തർ
‘യുവജനങ്ങളുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും സാക്ഷാത്കരിക്കുക’ എന്ന പ്രമേയത്തിൽ ഖത്തർ ഇന്ന് ലോക ജനസംഖ്യാ ദിനം ആചരിക്കുന്നു. ജനസംഖ്യയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പൊതുജന അവബോധം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ദിനാചരണം സംഘടിപ്പിക്കുന്നത്. കുടുംബാസൂത്രണം, ലിംഗസമത്വം, ദാരിദ്ര്യ നിർമ്മാർജ്ജനം, മാതൃആരോഗ്യം, മനുഷ്യാവകാശം തുടങ്ങിയ നിർണ്ണായക വിഷയങ്ങൾക്കാണ് ഇതിൽ പ്രാധാന്യം നൽകുന്നത്.
ഇന്റർനെറ്റ് സൗകര്യമുള്ള 73 രാജ്യങ്ങളിലെ 18 മുതൽ 39 വയസ്സ് വരെയുള്ള 1.08 ലക്ഷത്തിലധികം യുവജനങ്ങളിൽ നിന്ന് ഐക്യരാഷ്ട്രസഭ ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ പ്രമേയം തയാറാക്കിയിരിക്കുന്നത്. ജനസംഖ്യാ വികസനത്തിനും ജനങ്ങളുടെ ശാക്തീകരണത്തിനും മുൻഗണന നൽകുന്ന ഖത്തർ നാഷണൽ വിഷൻ 2030ന്റെ ലക്ഷ്യങ്ങളുമായി ഈ ദിനാചരണത്തിന്റെ ആശയങ്ങൾ പൂർണ്ണമായും യോജിക്കുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി. പൗരന്മാരുടെയും താമസക്കാരുടെയും ജീവിതനിലവാരം ഉയർത്തുകയും മനുഷ്യാവകാശങ്ങളെ മാനിക്കുന്ന പുരോഗമന സമൂഹം കെട്ടിപ്പടുക്കുകയുമാണ് ഖത്തറിന്റെ വികസന നയങ്ങളുടെ പ്രധാന ലക്ഷ്യം.
2004-ൽ രൂപവത്കരിച്ച സ്ഥിരം ജനസംഖ്യാ സമിതി തയ്യാറാക്കിയ ജനസംഖ്യാ നയമാണ് ഖത്തറിന്റെ ഈ മേഖലയിലെ പ്രധാന നേട്ടങ്ങളിലൊന്ന്. ഐക്യരാഷ്ട്രസഭയുടെ ജനസംഖ്യാ വിദഗ്ധരുടെ മേൽനോട്ടത്തിൽ തയ്യാറാക്കിയ ഈ നയം കാലാനുസൃതമായി പുതുക്കുന്നുണ്ട്. കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുക, വിവാഹം പ്രോത്സാഹിപ്പിക്കുക, കുട്ടികളുടെ മികച്ച വളർത്തൽ ഉറപ്പാക്കുക, തൊഴിൽ മേഖലയിൽ സ്ത്രീകൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുക, രാജ്യത്തെ ജനനനിരക്ക് ഒരു സ്ത്രീക്ക് ശരാശരി മൂന്ന് കുട്ടികൾ എന്ന നിലയിലേക്ക് ഉയർത്തുക തുടങ്ങിയ ലക്ഷ്യങ്ങളും ഇതിലൂടെ ഖത്തർ മുന്നോട്ട് വെക്കുന്നുണ്ട്.
