വിദേശത്തുനിന്ന് നേരിട്ട് ആളെ എടുക്കാം; പുതിയ ഡിജിറ്റൽ വർക്ക് പെർമിറ്റുമായി യു.എ.ഇ
വിദേശ രാജ്യങ്ങളിൽ നിന്ന് യോഗ്യരായ ജീവനക്കാരെയും തൊഴിലാളികളെയും നേരിട്ട് നിയമിക്കുന്നതിനായുള്ള ഡിജിറ്റൽ വർക്ക് പെർമിറ്റ് സേവനത്തിന് യു.എ.ഇ തുടക്കമിട്ടു. രാജ്യത്തെ തൊഴിൽ റിക്രൂട്ട്‌മെന്റ് നടപടികൾ കൂടുതൽ എളുപ്പവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായി മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയമാണ് (MoHRE) പുതിയ ഓൺലൈൻ സംവിധാനം അവതരിപ്പിച്ചത്.
മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഇനി വിദേശത്തുനിന്ന് നേരിട്ട് ജീവനക്കാരെ കണ്ടെത്താം. അപേക്ഷ സമർപ്പിക്കുന്നത് മുതൽ രേഖകൾ ഹാജരാക്കുന്നതു വരെയുള്ള എല്ലാ ഘട്ടങ്ങളും മന്ത്രാലയത്തിന്റെ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി പൂർണ്ണമായും ഓൺലൈനായി പൂർത്തിയാക്കാം.
അതേസമയം, വിദേശത്തുനിന്ന് തൊഴിലാളികളെ എത്തിക്കുന്നതിനുള്ള റിക്രൂട്ട്മെന്റ് ചെലവുകൾ, സർക്കാർ ഫീസുകൾ, ഇൻഷുറൻസ്, മറ്റ് നിയമപരമായ ഗ്യാരന്റികൾ എന്നിവയുടെ പൂർണ്ണ ഉത്തരവാദിത്തം തൊഴിലുടമയ്ക്കായിരിക്കും. സർക്കാർ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലാക്കി ഭരണനിർവ്വഹണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ പരിഷ്കാരം.
