ഇന്നുതന്നെ മടങ്ങണം; ഇസ്രയേൽ വിടാൻ എംബസി ജീവനക്കാരോട് യുഎസ്
ഇറാൻ-അമേരിക്കൻ സംഘർഷസാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഇസ്രയേലിലെ അത്യാവശ്യമില്ലാത്ത എംബസി ജീവനക്കാർക്കും കുടുംബങ്ങൾക്കും മടങ്ങാൻ യുഎസ് അനുമതി നൽകി. രാജ്യം വിടാൻ ആഗ്രഹിക്കുന്നവർ ഇന്നുതന്നെ അതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് യുഎസ് അംബാസഡർ മൈക്ക് ഹക്കബി ജീവനക്കാർക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിൽ ആവശ്യപ്പെട്ടു.
യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ നിർദ്ദേശപ്രകാരമാണ് ഈ നീക്കം. പരിഭ്രാന്തരാകേണ്ടതില്ലെന്നും അതീവ ജാഗ്രതയുടെ ഭാഗമായാണ് ഈ തീരുമാനമെന്നും അംബാസഡർ വ്യക്തമാക്കി. വിമാന ടിക്കറ്റുകൾക്ക് വൻ ഡിമാൻഡ് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ എത്രയും വേഗം രാജ്യം വിടുന്നതിനായിരിക്കണം മുൻഗണന നൽകേണ്ടതെന്നും സന്ദേശത്തിൽ പറയുന്നു. ഇസ്രയേലിലേക്കുള്ള യാത്രകൾ പുനഃപരിശോധിക്കാൻ യുഎസ് പൗരന്മാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇറാനെതിരായ നീക്കത്തിന്റെ ഭാഗമായി പശ്ചിമേഷ്യയിൽ യുഎസ് സൈനിക വിന്യാസം ശക്തമാക്കിയിരിക്കുകയാണ്. യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് യുദ്ധക്കപ്പലും എഫ്-22 ഫൈറ്റർ ജെറ്റുകളും മേഖലയിൽ എത്തിയ ദിവസം തന്നെയാണ് ഈ മുന്നറിയിപ്പും പുറത്തുവന്നത്. ആണവ കരാറുമായി ബന്ധപ്പെട്ട് ജനീവയിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസം തുടരുകയാണ്. സാഹചര്യം വഷളാകുന്നതിനാൽ ബ്രിട്ടൻ തങ്ങളുടെ എംബസി ജീവനക്കാരെ ടെഹ്‌റാനിൽ നിന്ന് മാറ്റിയിട്ടുണ്ട്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ നേരത്തെ തന്നെ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.
