വാർത്തകൾക്ക് ഔദ്യോഗിക കേന്ദ്രങ്ങളെ ആശ്രയിക്കണം; മാധ്യമങ്ങൾക്ക് നിർദ്ദേശവുമായി കുവൈത്ത്
മാധ്യമ ഉള്ളടക്കത്തിന്റെ വിശ്വാസ്യത ഉറപ്പാക്കണമെന്നും വാർത്താ വിതരണത്തിൽ പ്രൊഫഷണൽ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും കുവൈത്ത് വാർത്താവിനിമയ മന്ത്രാലയം. വിദേശകാര്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും പ്രസ്താവനകളും കുവൈത്ത് സർക്കാർ അധികൃതരിൽ നിന്ന് നേരിട്ട് ലഭിക്കുന്നത് മാത്രം സ്വീകരിക്കണമെന്ന് പ്രാദേശിക മാധ്യമങ്ങളോടും സോഷ്യൽ മീഡിയ ഉപയോക്താക്കളോടും മന്ത്രാലയം അഭ്യർത്ഥിച്ചു.
വിവരങ്ങൾ കൈമാറുന്നതിന് മുൻപ് ഔദ്യോഗിക അധികാരികൾ നടത്തുന്ന പ്രസ്താവനകളെ ആധാരമാക്കണം. മാധ്യമ പ്രവർത്തനത്തിന്റെ നിയന്ത്രണങ്ങളും ധാർമികതയും പാലിക്കേണ്ടത് രാജ്യത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് അത്യാവശ്യമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് ഒഴിവാക്കാൻ കൃത്യമായ ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകൾക്ക് മാത്രം മുൻഗണന നൽകണമെന്നും അധികൃതർ വ്യക്തമാക്കി.
കുവൈത്തിന്റെ വിദേശനയങ്ങളെയും നയതന്ത്ര ബന്ധങ്ങളെയും ബാധിക്കുന്ന തരത്തിലുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ പ്രത്യേക ജാഗ്രത പുലർത്തണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.
