സൗദിയിൽ നിന്ന് ബഹ്‌റൈനിലേക്ക് 44.5 കിലോമീറ്റർ നീന്തിക്കയറി യുവാക്കൾ; അഭിനന്ദനങ്ങളുമായി ശൈഖ് ഖാലിദ്
സൗദി അറേബ്യയിൽ നിന്ന് ബഹ്‌റൈനിലേക്ക് കടൽ നീന്തിക്കടന്ന് ചരിത്രനേട്ടം സ്വന്തമാക്കി ബഹ്‌റൈൻ സ്വദേശികളായ രണ്ട് യുവാക്കൾ. സൗദിയിലെ അൽ അസീസിയയിൽ നിന്ന് ആരംഭിച്ച് ബഹ്‌റൈനിലെ അൽ സല്ലാഖ് വരെയുള്ള 44.5 കിലോമീറ്റർ ദൂരമാണ് ഇവർ നീന്തി പൂർത്തിയാക്കിയത്. ഈ സാഹസിക നേട്ടം കൈവരിച്ച അബ്ദുള്ള അതിയ, ലൗയ് ബിൻ അബ്ദുൽ വാഹിദ് എന്നിവരെ ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ നേരിട്ടെത്തി സ്വീകരിച്ചു.
സൗദിയിലെ സൺസെറ്റ് ബീച്ച് റിസോർട്ടിൽ നിന്ന് തുടങ്ങിയ യാത്ര 22 മണിക്കൂർ 2 മിനിറ്റ് 24 സെക്കൻഡ് കൊണ്ടാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്. യുവാക്കളുടെ അപാരമായ മനോവീര്യത്തെയും നിശ്ചയദാർഢ്യത്തെയും ശൈഖ് ഖാലിദ് പ്രശംസിച്ചു. വെല്ലുവിളികളെ അതിജീവിക്കാനുള്ള ബഹ്‌റൈനി യുവാക്കളുടെ കഴിവിന് ഉത്തമ ഉദാഹരണമാണ് ഈ പ്രകടനമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യാന്തര കായിക വേദികളിൽ ബഹ്‌റൈന്റെ അഭിമാനം ഉയർത്താൻ ഇത്തരം സാഹസികതകൾ പ്രചോദനമാകുമെന്ന് ശൈഖ് ഖാലിദ് കൂട്ടിച്ചേർത്തു. കായിക മേഖലയിൽ രാജ്യം കൈവരിക്കുന്ന വലിയ മുന്നേറ്റങ്ങളുടെ ഭാഗമായാണ് ഈ നേട്ടത്തെ ഭരണകൂടം വിലയിരുത്തുന്നത്.
