ഒമാൻ ദേശീയ ദിനം: 344 തടവുകാർക്ക് സുൽത്താന്റെ പൊതുമാപ്പ്; ആഘോഷങ്ങളിൽ കർശന നിയന്ത്രണങ്ങളുമായി പോലീസ്

  1. Home
  2. International

ഒമാൻ ദേശീയ ദിനം: 344 തടവുകാർക്ക് സുൽത്താന്റെ പൊതുമാപ്പ്; ആഘോഷങ്ങളിൽ കർശന നിയന്ത്രണങ്ങളുമായി പോലീസ്

oman flag


ഒമാന്റെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 344 തടവുകാർക്ക് സുൽത്താൻ ഹൈതം ബിൻ താരിഖ് പൊതുമാപ്പ് അനുവദിച്ചു. ദേശീയ ദിനത്തോടനുബന്ധിച്ച് ദാഖിലിയ ഗവർണറേറ്റിലെ ശഫാ ക്യാമ്പിലുള്ള സുൽത്താൻ ഓഫ് ഒമാൻസ് ആംഡ് ഡിവിഷൻ പരേഡ് ഗ്രൗണ്ടിലാണ് ഔദ്യോഗിക സൈനിക പരേഡ് നടക്കുന്നത്. ഒമാൻ റോയൽ ആർമി, റോയൽ എയർഫോഴ്സ്, റോയൽ നേവി, റോയൽ ഗാർഡ്, സുൽത്താന്റെ പ്രത്യേക സേന, റോയൽ ഒമാൻ പോലീസ് തുടങ്ങി വിവിധ സായുധ-സുരക്ഷാ വിഭാഗങ്ങളുടെ പ്രതീകാത്മക യൂണിറ്റുകൾ പരേഡിൽ അണിനിരക്കും. രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, സ്റ്റേറ്റ് കൗൺസിൽ, ശൂറാ കൗൺസിൽ അധ്യക്ഷന്മാർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

ദേശീയ ദിനാഘോഷങ്ങൾ അതിരുവിടരുതെന്ന് റോയൽ ഒമാൻ പോലീസ് (ROP) സ്വദേശികൾക്കും പ്രവാസികൾക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുനിരത്തുകളിൽ വാഹനങ്ങളുമായി അഭ്യാസപ്രകടനങ്ങൾ നടത്തുന്നതും ഗതാഗത തടസ്സമുണ്ടാക്കുന്നതും അനുവദിക്കില്ല.

കൂടാതെ, പൊതുസ്ഥലങ്ങളിൽ നിയമവിരുദ്ധമായി കൂട്ടംകൂടുന്നതിനെതിരെ ഒമാൻ പബ്ലിക് പ്രോസിക്യൂഷനും മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പൊതുസുരക്ഷയെയോ ക്രമസമാധാനത്തെയോ തകർക്കാൻ സാധ്യതയുള്ള അനധികൃത കൂടിച്ചേരലുകളിൽ ഏർപ്പെടുന്നവർക്ക് ഒരു വർഷം വരെ തടവോ, 500 ഒമാനി റിയാൽ വരെ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.