ഭൂകമ്പം നാശം വിതച്ച തുർക്കി ജനതയ്ക്ക് കേരളത്തിന്റെ സഹായം; 10 കോടി അനുവദിച്ചു

ഭൂകമ്പത്തിന്റെ ദുരന്തം അനുഭവിക്കുന്ന തുർക്കിയിലെ ജനങ്ങൾക്ക് കേരളത്തിന്‍റെ സഹായമായ 10 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. തുർക്കി ജനതയെ സഹായിക്കാൻ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച തുകയാണ് ഇപ്പോൾ അനുവദിച്ചത്. തുർക്കിയിലുണ്ടായ ഭൂകമ്പത്തിൽ പതിനായിരക്കണക്കിന് പേർക്ക് ജീവൻ നഷ്ടമാവുകയും ലക്ഷക്കണക്കിന് പേർ നിരാലംബരാക്കുകയും ചെയ്തു.
കേരളത്തിൽ പ്രളയവും പ്രകൃതി ദുരന്തങ്ങളുമുണ്ടായ സമയത്ത് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും ലഭിച്ച സഹായങ്ങളെ ഇപ്പോൾ നന്ദിയോടെ ഓർക്കുകയാണെന്നും ബാലഗോപാല്‍ പറഞ്ഞു. കഴിഞ്ഞ ദിവസം തുർക്കിക്ക് തുക കൈമാറാനുള്ള അനുമതി കേന്ദ്ര വിദേശകാര്യ മന്ത്രാലയം കേരളത്തിന് നൽകിയിരുന്നു. തുര്‍ക്കിക്ക് ഭൂകമ്പ ദുരിതാശ്വാസമായി 10 കോടി രൂപ ബഡ്ജറ്റിൽ സഹായം അനുവദിച്ചതിനെ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ പരിഹസിച്ചിരുന്നു. തുർക്കിയുടെ കാര്യം മോദി നോക്കിക്കോളുമെന്നും, എഴുന്നേറ്റ് നിൽക്കാൻ കഴിയാത്ത പിണറായി വിജയൻ സര്‍ക്കാര്‍ അത് നോക്കണ്ടെന്നുമായിരുന്നു സുരേന്ദ്രൻ പറഞ്ഞത്.
ഇതിനിടെ ഭൂകമ്പം തകര്‍ത്ത തുര്‍ക്കിക്കും സിറിയക്കും മൂന്നര ലക്ഷം ഡോളര്‍ വിലമതിക്കുന്ന അവശ്യസാധനങ്ങളും മരുന്നുകളും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ നല്‍കിയിരുന്നു. ഭക്ഷണ പായ്ക്കറ്റുകള്‍, തലയിണ, പുതപ്പ്, ബെഡ്, ടെന്‍റുകള്‍ നിര്‍മിക്കാനുള്ള സാമഗ്രികള്‍,കുട്ടികള്‍ക്കുള്ള ഭക്ഷണം, പാല്‍ എന്നിവയെല്ലാം ഇരു രാജ്യങ്ങളിലേക്കും അയച്ചിരുന്നു.