13കാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം; പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രിയുടെ നിർദേശം

  1. Home
  2. Kerala

13കാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം; പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രിയുടെ നിർദേശം

image


കൊല്ലം ചടയമംഗലത്ത് 13 വയസ്സുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ച സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ. കൊല്ലം റൂറൽ എസ് പിയുമായി ഫോണിൽ സംസാരിച്ച മുഖ്യമന്ത്രി, പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യാനും കർശന നിയമനടപടികൾ സ്വീകരിക്കാനും നിർദ്ദേശം നൽകി.

സംഭവത്തിൽ അടിയന്തരമായി കേസെടുക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിർദേശം നൽകിയിട്ടുണ്ട്. കുട്ടിക്ക് ആവശ്യമായ കൗൺസിലിങ്ങും സംരക്ഷണവും ഉറപ്പാക്കുമെന്നും കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

ചടയമംഗലം കുരിയോട് ഇന്നലെ രാത്രിയാണ് സംഭവം.മദ്യലഹരിയിലെത്തിയ രണ്ടാനച്ഛൻ രാജേഷ് കുട്ടിയെ വസ്ത്രത്തിൽ പിടിച്ച് ഉയർത്തി ഹാളിലെത്തിച്ച ശേഷം വസ്ത്രം അഴിച്ചുമാറ്റി വടികൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നുവെന്നാണ് വിവരം.

കുട്ടിയുടെ അമ്മ പകർത്തിയ മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ആദ്യവിവാഹത്തിലെ മകനോടുള്ള ഇഷ്ടക്കേടാണ് ആക്രമണത്തിന് പിന്നിലെന്നും രാജേഷ് കുട്ടിയെ പതിവായി ഉപദ്രവിക്കാറുണ്ടെന്നും അമ്മ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിക്കായി ചടയമംഗലം പൊലീസ് തിരച്ചിൽ ഊർജിതമാക്കി.