14-കാരൻ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവം; കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും, അസിസ്റ്റന്റ് എഞ്ചിനീയർക്ക് സസ്പെൻഷൻ

  1. Home
  2. Kerala

14-കാരൻ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവം; കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും, അസിസ്റ്റന്റ് എഞ്ചിനീയർക്ക് സസ്പെൻഷൻ

kseb


തിരൂരങ്ങാടിയിൽ വൈദ്യുതി ലൈനിന്റെ സ്റ്റേ വയറിൽ നിന്ന് ഷോക്കേറ്റ് 14-കാരൻ മരിച്ച സംഭവത്തിൽ കർശന നടപടിയുമായി കെഎസ്ഇബി. പ്രാഥമിക അന്വേഷണത്തിന്റെയും വിലയിരുത്തലിന്റെയും അടിസ്ഥാനത്തിൽ വെണ്ണിയൂർ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയറെ സർവീസിൽ നിന്ന് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ ഉത്തരവാദികളെന്ന് കണ്ടെത്തുന്ന മറ്റ് ജീവനക്കാർക്കെതിരെയും ഉചിതമായ അച്ചടക്കനടപടികൾ സ്വീകരിക്കുമെന്ന് കെഎസ്ഇബി വ്യക്തമാക്കി. ഇതോടൊപ്പം, സംഭവം പ്രത്യേക കേസായി പരിഗണിച്ച് മരിച്ച വിദ്യാർത്ഥിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സാമ്പത്തിക സഹായം അനുവദിക്കാൻ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് കെഎസ്ഇബിക്ക് നിർദേശം നൽകി.

ഭാവിയിൽ ഇത്തരം ദാരുണമായ അപകടങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനായി സംസ്ഥാനത്തുടനീളമുള്ള വൈദ്യുതി ലൈനുകളും അനുബന്ധ സംവിധാനങ്ങളും കെഎസ്ഇബി ജീവനക്കാർ അടിയന്തരമായി പട്രോളിങ് നടത്തി പരിശോധിക്കും. ഇതിന്റെ ഭാഗമായി അപകടസാധ്യതയുള്ള മേഖലകളിൽ പ്രത്യേക സുരക്ഷാ ഓഡിറ്റ് നടത്താനും വൈദ്യുതി മന്ത്രി നിർദേശിച്ചിട്ടുണ്ട്. പരിശോധനയിലും ഓഡിറ്റിലും കണ്ടെത്തുന്ന സുരക്ഷാവീഴ്ചകൾ അടിയന്തരമായി പരിഹരിക്കും. കൂടാതെ, സംഭവത്തിൽ നിയമപരമായ പരിശോധന പൂർത്തിയാക്കാൻ ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങളുടെയും പ്രത്യേകിച്ച് കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ എല്ലാ സുരക്ഷാ മുൻകരുതലുകളും കർശനമായി പാലിക്കുന്നുണ്ടെന്ന് ബോർഡ് ഉറപ്പുവരുത്തും.

അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട വിദ്യാർത്ഥിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. നേരത്തെ കുട്ടിയുടെ പിതാവിനെ നേരിട്ട് ഫോണിൽ വിളിച്ച സണ്ണി ജോസഫ്, കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കാൻ നിർദേശം നൽകിയതായി അറിയിച്ചിരുന്നു.