കൊയിലാണ്ടിയിൽ പടക്കം പൊട്ടിത്തെറിച്ച് 16-കാരന് ദാരുണാന്ത്യം; വിഷു ആഘോഷത്തിനിടെ അപകടം
വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് കൊയിലാണ്ടിയിൽ പതിനാറുകാരൻ മരിച്ചു. കൊയിലാണ്ടി സ്വദേശിയായ അദ്വൈത് ആണ് ദാരുണമായി കൊല്ലപ്പെട്ടത്. വീടിന് സമീപത്തെ ഗ്രൗണ്ടിൽ സുഹൃത്തുക്കൾക്കൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെയായിരുന്നു അപകടം. സംഭവത്തിൽ കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്.
കൈയിലിരുന്ന ഗുണ്ട് പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അദ്വൈത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്വൈത്തിന്റെ മൃതദേഹം നിലവിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
