കോവളത്ത് 16കാരി സ്പായിൽ പീഡനത്തിനിരയായ സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു

  1. Home
  2. Kerala

കോവളത്ത് 16കാരി സ്പായിൽ പീഡനത്തിനിരയായ സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു

image


കോവളത്ത് ആന്ധ്രാപ്രദേശ് സ്വദേശിനിയായ 16കാരി സ്പായിൽ പീഡനത്തിനിരയായ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ അംഗം ഡോ. എഫ്. വിൽസണാണ് കേസെടുത്തത്. ജില്ലാ പൊലീസ് മേധാവി, തിരുവനന്തപുരം നഗരസഭാ സെക്രട്ടറി, ജില്ലാ ശിശുസംരക്ഷണ ഓഫീസർ എന്നിവരോട് കമ്മീഷൻ റിപ്പോർട്ട് തേടി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിനായി എത്തിച്ചത് മനുഷ്യക്കടത്തിന്റെ ഭാഗമായാണെന്നാണ് പൊലീസിന്റെ സംശയം. മാതാപിതാക്കൾ മരിച്ചതിനെ തുടർന്ന് ഇളയമ്മയും ഭർത്താവും ബാംഗ്ലൂരിൽ അടക്കം പെൺകുട്ടിയെ എത്തിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. 

പെൺകുട്ടിയെ പാർപ്പിച്ചിരുന്ന മസാജിങ് സെന്ററിന്റെ ഉടമയെ കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതമാക്കി. തിരുവനന്തപുരം നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ ഇയാൾ ബിനാമി പേരിലാണ് സ്ഥാപനം നടത്തിയിരുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

സംഭവത്തിൽ മുഖ്യപ്രതികളായ പെൺകുട്ടിയുടെ ഇളയമ്മയെയും ഭർത്താവിനെയും ഇന്നലെ ആന്ധ്രാപ്രദേശിൽ നിന്ന് കോവളം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരെയും ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. കേസിന്റെ പശ്ചാത്തലത്തിൽ കോവളം ബീച്ച് കേന്ദ്രീകരിച്ചുള്ള അനധികൃത സ്പാ കേന്ദ്രങ്ങളിൽ പരിശോധന തുടരാനാണ് പൊലീസിന്റെ തീരുമാനം.