തേനിയിൽ 17 തടവുകാർ ജയിൽചാടി, കേരളത്തിലേക്ക് കടക്കാൻ സാധ്യത; നാല് പേർ പിടിയിൽ
തമിഴ്‌നാട്ടിലെ തേനി ആണ്ടിപ്പെട്ടി സബ് ജയിലിൽ നിന്നും 17 വിചാരണത്തടവുകാർ കൂട്ടത്തോടെ ജയിൽചാടി. ജയിൽ ജീവനക്കാരനെ അതിക്രമിച്ചു കീഴ്പ്പെടുത്തിയ ശേഷമാണ് വിവിധ ക്രിമിനൽ കേസുകളിലെ പ്രതികളായ 17 പേർ രക്ഷപ്പെട്ടത്. ആണ്ടിപ്പട്ടിക്ക് സമീപം തെക്കംപാട്ടിയിലുള്ള സബ് ജയിലിലാണ് സംഭവം. രക്ഷപ്പെട്ട തടവുകാരിൽ നാല് പേരെ തിരച്ചിലിനൊടുവിൽ പോലീസ് പിടികൂടി.
ഒരേ സെല്ലിൽ പാർപ്പിച്ചിരുന്ന 17 തടവുകാരിൽ ഒരാൾക്ക് അസുഖമാണെന്ന് അറിയിച്ചതിനെ തുടർന്ന് പരിശോധിക്കാൻ വാർഡൻ ഉള്ളിൽ പ്രവേശിച്ചപ്പോഴാണ് ആക്രമണമുണ്ടായത്. ജയിൽ ജീവനക്കാരനായ തങ്കപാണ്ഡിക്കും തലയ്ക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രക്ഷപ്പെട്ട പ്രതികളെ കണ്ടെത്താൻ 17 പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട് ജില്ലകളുടെ അതിർത്തികൾ വഴി പ്രതികൾ കേരളത്തിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന തമിഴ്‌നാട് പോലീസിന്റെ മുന്നറിയിപ്പിനെ തുടർന്ന് അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ കേരള പോലീസും വാഹന പരിശോധന കർശനമാക്കി.
