17കാരന്റെ ആത്മഹത്യ : ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ മനംനൊന്തെന്ന് കുടുംബം

  1. Home
  2. Kerala

17കാരന്റെ ആത്മഹത്യ : ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ മനംനൊന്തെന്ന് കുടുംബം

image


വടകര അഴിയൂർ സ്വദേശിയായ പതിനേഴുകാരന്റെ ആത്മഹത്യയ്ക്ക് പിന്നിൽ ആൾക്കൂട്ട മർദ്ദനവും മാനസിക പീഡനവുമാണെന്ന് കുടുംബം. നാട്ടുകാരായ ആറു പേര്‍ അതിക്രൂരമായി തങ്ങളെ മര്‍ദ്ദിച്ചെന്ന് മരിച്ച അഭിജിത്തിന്റെ സുഹൃത്തുക്കള്‍ ആരോപിച്ചു.

അഭിജിത്തിനെ ജോലിസ്ഥലത്ത് നിന്ന് വിളിച്ച് വരുത്തിയാണ് മര്‍ദ്ദിച്ചത്. ലഹരി ഉപയോഗിക്കുന്നുണ്ട് എന്നായിരുന്നു ആരോപണം. വീട്ടില്‍ പറയുമെന്ന് അഭിജിത്തിനെ ഭീഷണിപ്പെടുത്തിയെന്നും കാറിലേക്ക് വലിച്ച് കയറ്റി മര്‍ദ്ദിക്കാന്‍ ശ്രമിച്ചുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. അഭിജിത്തിനെ സംഘം ചോദ്യം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ചയാണ് അഭിജിത്തിനെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് രണ്ട് ദിവസം മുൻപ് അഭിജിത്തിനെയും സുഹൃത്തുക്കളെയും നാട്ടുകാരായ ഒരു സംഘം മർദ്ദിച്ചെന്നാണ് പരാതി.കുടുംബത്തിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.