ചൊക്ലിയിലെ 17കാരന്റെ തിരോധാനം: പ്രത്യേക സംഘം മൈസൂരുവിൽ; ബംഗളൂരുവിലേക്കും അന്വേഷണം

  1. Home
  2. Kerala

ചൊക്ലിയിലെ 17കാരന്റെ തിരോധാനം: പ്രത്യേക സംഘം മൈസൂരുവിൽ; ബംഗളൂരുവിലേക്കും അന്വേഷണം

image


കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. തലശ്ശേരി എ എസ് പി ഡോ. എം. നന്ദഗോപൻ്റെ മേൽനോട്ടത്തിലാണ് അന്വേഷണം. ചൊക്ലി എസ് ഐ ആർ രാഗേഷിനാണ് അന്വേഷണ ചുമതല. പ്രത്യേക അന്വേഷണ സംഘത്തിൽ എട്ട് പേരാണ് ഉള്ളത്. ശിവസൂര്യയെ തേടി പൊലീസ് സംഘം മൈസൂരുവിലെത്തി. തുടർന്ന് ബംഗളൂരുവിലേക്കും അന്വേഷണം വ്യാപിപ്പിക്കും.

മൊബൈൽ ഫോൺ വാങ്ങിവച്ചതിന്‍റെ പേരിൽ നാടുവിട്ട ശിവസൂര്യ എവിടെയെന്നതിൽ 10-ാം ദിവസവും യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഓഗസ്റ്റ് എട്ടിന് ഉച്ചയ്ക്ക് 12.45ഓടെ ശിവസൂര്യ സ്‌കൂൾ ബാഗുമായി പൂമരം ജംഗ്ഷൻ ഭാഗത്തേക്ക് അതിവേഗം പോകുന്നത് കണ്ടതായി പ്രദേശവാസികൾ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ജംഗ്ഷനിലെ ഒരു നിരീക്ഷണ ക്യാമറയിലും ശിവസൂര്യയുടെ ദൃശ്യം പതിഞ്ഞിട്ടില്ല.

കാശിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ശിവസൂര്യ വീട്ടിൽനിന്ന് ഇറങ്ങിയത്. എന്നാൽ കുട്ടി മൈസൂരുവിലേക്ക് പോയിരിക്കാമെന്ന സംശയം വീട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം മൈസൂരുവിലെത്തിയത്.

നേരത്തെ ചൊക്ലി പൊലീസ് ഒറ്റപ്പാലം, ഷൊർണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും ശിവസൂര്യയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിരുന്നില്ല. തെരച്ചിൽ ഫലം കാണാത്ത സാഹചര്യത്തിലാണ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറിയത്.