18 കാരിക്ക് ഗുരുതര വൃക്ക രോഗം വന്ന സംഭവം: മെർക്കുറി അമിതമായി അടങ്ങിയ ഫെയർനെസ് ക്രീമിനെതിരെ കേസ്

  1. Home
  2. Kerala

18 കാരിക്ക് ഗുരുതര വൃക്ക രോഗം വന്ന സംഭവം: മെർക്കുറി അമിതമായി അടങ്ങിയ ഫെയർനെസ് ക്രീമിനെതിരെ കേസ്

Image


അമിതമായ അളവിൽ മെർക്കുറി അടങ്ങിയ എഫ് ട്യൂൺ ഫെയർനെസ് ക്രീമിനെതിരെ കേസെടുത്ത് പൊലീസ്. ക്രീം ഉപയോഗിച്ചതിനെ തുടർന്ന് മലപ്പുറം അരീക്കോട് സ്വദേശിയായ 18കാരിക്ക് ഗുരുതര വൃക്കരോഗം ബാധിച്ച സംഭവത്തിലാണ് നടപടി. പെൺകുട്ടിയുടെ മൊഴി അരീക്കോട് പൊലീസ് രേഖപ്പെടുത്തി. ക്രീമിന്റെ സാമ്പിളും പൊലീസിന് കൈമാറിയിട്ടുണ്ട്.

കേസുമായി മുന്നോട്ടുപോകുമെന്നും ഉപഭോക്തൃ കോടതിയെ സമീപിക്കുമെന്നും പെൺകുട്ടി വ്യക്തമാക്കി. ക്രീം ഉപയോഗിക്കുന്നവർ എത്രയും വേഗം അതിന്റെ ഉപയോഗം നിർത്തണമെന്നും ആരോഗ്യപ്രശ്‌നങ്ങൾ അനുഭവപ്പെടുന്നവർ ഇക്കാര്യം വീട്ടുകാരെ അറിയിക്കണമെന്നും പെൺകുട്ടി മുന്നറിയിപ്പ് നൽകി.

മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടാൻ തുടങ്ങിയതോടെയാണ് രോഗത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞതെന്ന് പെൺകുട്ടി പറഞ്ഞു. രോഗം പ്രാരംഭഘട്ടത്തിൽ കണ്ടെത്താനായതിനാലാണ് നിലവിലെ അവസ്ഥയിലെങ്കിലും രക്ഷപ്പെടാനായത്. ക്രീമിന്റെ ഉപയോഗം ചർമത്തെയും ബാധിച്ചിട്ടുണ്ട്. നഷ്ടപ്പെട്ട ചർമത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ ഇനി ചികിത്സ തേടണമെന്നും പെൺകുട്ടി വ്യക്തമാക്കി. തന്റെ ക്ലാസിലെ നിരവധി കുട്ടികളും ഈ ക്രീം ഉപയോഗിക്കുന്നുണ്ടെന്നും പെൺകുട്ടി പറഞ്ഞു.

അതേസമയം, ദുബായിൽ നിർമിക്കുന്ന ക്രീം ഓൺലൈൻ വഴിയാണ് പ്രധാനമായും വിൽക്കുന്നതെന്നായിരുന്നു ആദ്യഘട്ടത്തിലെ ധാരണ. എന്നാൽ സംസ്ഥാനത്തെ ചെറുകിട കോസ്‌മെറ്റിക് കടകളിൽ പോലും ക്രീം ലഭ്യമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഓൺലൈൻ വിലയേക്കാൾ ഉയർന്ന വിലയ്ക്കാണ് കടകളിൽ വിൽക്കുന്നതെങ്കിലും ആവശ്യക്കാർ ഏറെയാണെന്നാണ് വ്യാപാരികൾ പറയുന്നത്.