ഇടുക്കിയിൽ 18കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി പെട്രോളൊഴിച്ച് കത്തിച്ചു; 19കാരൻ പിടിയിൽ
ഇടുക്കിയിൽ 18കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിച്ചു. പാമ്പ്ല ചെക്ക് പോസ്റ്റിന് സമീപം കഴിഞ്ഞ ദിവസം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തമിഴ്നാട് സ്വദേശിനിയുടേതാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്തായ രാജാക്കാട് സ്വദേശി നിഷാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിവാഹത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മരണം ഉറപ്പാക്കാൻ മുഖത്ത് കല്ലുകൊണ്ട് പലതവണ അടിച്ചെന്നും തുടർന്ന് പെട്രോളൊഴിച്ച് മൃതദേഹം കത്തിച്ചെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പെണ്കുട്ടിയുമായി പ്രതി നിഷാന്ത് പ്രണയത്തിലായിരുന്നു. എന്നാല് പെണ്കുട്ടി വിവാഹ ബന്ധത്തില് നിന്ന് പിന്മാറുന്ന സാഹചര്യമുണ്ടായി. ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം.
പെണ്കുട്ടിയെ നിഷാന്ത് ഇടുക്കിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു എന്നാണ് ബന്ധുക്കള് പറയുന്നത്. രാജാക്കാട്, ബൈസന്വാലി അടക്കമുള്ള ഇടങ്ങളില് തോട്ടം മേഖലയില് ജോലി ചെയ്താണ് നിഷാന്ത് ജീവിച്ചിരുന്നത്. ഇരുവരും ഏഴാം ക്ലാസ് മുതല് ഒന്നിച്ച് പഠിച്ചതായാണ് ബന്ധുക്കള് പറയുന്നത്. അന്ന് മുതല് ഇവര് തമ്മില് സൗഹൃദം ഉണ്ടായിരുന്നെന്നും ബന്ധുക്കള് വ്യക്തമാക്കുന്നുണ്ട്. ബന്ധത്തില് നിന്ന് പിന്മാറുന്നതുമായി ബന്ധപ്പെട്ട് പല തവണ പൊലീസില് ഉള്പ്പെടെ പരാതി നല്കിയിരുന്നു. എന്നാല് നിഷാന്ത് ഫോണിലൂടെ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായും ഇവർ പറയുന്നു.പെണ്കുട്ടിയുടെ ബന്ധുക്കള് ഉള്പ്പെടെയുള്ളവര് ഇടുക്കി മെഡിക്കല് കോളേജിലേക്ക് എത്തിയിട്ടുണ്ട്. പോസ്റ്റ്മോര്ട്ടം നടപടികള് ഉള്പ്പെടെ ഇവിടെ പുരോഗമിക്കുകയാണ്.
