മൂവാറ്റുപുഴയിൽ ലിഫ്റ്റ് തകർന്ന് 19കാരന് ദാരുണാന്ത്യം
മൂവാറ്റുപുഴയിൽ ലിഫ്റ്റ് തകർന്ന് വീണ് 19കാരന് ദാരുണാന്ത്യം. മുള്ളുംപുറം സ്റ്റോഴ്സിലെ ജീവനക്കാരനായ അക്ഷയ് കൃഷ്ണനാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിന് സമീപത്തെ ഗോഡൗണിലായിരുന്നു അപകടം.
പുതുതായി നിർമിച്ച മൂന്നുനില കെട്ടിടത്തിലാണ് സ്ഥാപനത്തിന്റെ ഗോഡൗൺ പ്രവർത്തിച്ചിരുന്നത്. മുനിസിപ്പൽ ബിൽഡിങ്ങിലെ കടയിൽ ജീവനക്കാരനായിരുന്ന അക്ഷയ്, മുകളിലെ നിലകളിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ എടുക്കുന്നതിനായാണ് ഗോഡൗണിലെത്തിയത്.
ആവശ്യമായ സാധനം ലഭിച്ചില്ലെന്ന് അക്ഷയ് കടയിലേക്ക് വിളിച്ച് അറിയിച്ചിരുന്നു. തുടർന്ന് മറ്റൊരു ജീവനക്കാരൻ ഗോഡൗണിലെത്തി പരിശോധിച്ചപ്പോഴാണ് അക്ഷയയെ നിലത്ത് വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ലിഫ്റ്റ് തകർന്ന് വീണതിനെ തുടർന്നാണ് അപകടമെന്നാണ് പ്രാഥമിക വിവരം.
അക്ഷയയെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്കേറ്റ സാരമായ പരുക്കാണ് മരണകാരണം.
