എല്‍പിഎസ്ടി റാങ്ക്ഹോൾഡേഴ്‌സിന്റെ 37 ദിവസത്തെ സമരം പിൻവലിച്ചു

  1. Home
  2. Kerala

എല്‍പിഎസ്ടി റാങ്ക്ഹോൾഡേഴ്‌സിന്റെ 37 ദിവസത്തെ സമരം പിൻവലിച്ചു

image


എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സ് സെക്രട്ടേറിയറ്റിന് മുന്നിൽ 37 ദിവസമായി നടത്തിവന്നിരുന്ന സമരം പിൻവലിച്ചു. വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീനുമായി നടത്തിയ ചർച്ചകൾക്കു ശേഷമാണ് ഉദ്യോഗാർഥികൾ സമരം അവസാനിപ്പിച്ചത്.

സമരസമിതി സെക്രട്ടറി വളർമതി 13 ദിവസമായി നടത്തിവന്ന നിരാഹാര സമരവും ഇതോടെ അവസാനിപ്പിച്ചു. ചർച്ചകൾക്കു ശേഷം മന്ത്രി എൻ. ഷംസുദീൻ നേരിട്ട് വളർമതിക്ക് നാരങ്ങാനീര് നൽകിയാണ് നിരാഹാര സമരം അവസാനിപ്പിച്ചത്.

ഉദ്യോഗാര്‍ഥികള്‍ ഉന്നയിച്ച വിവിധ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്നു മന്ത്രി ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധം പിൻവലിക്കാൻ തീരുമാനിച്ചതെന്ന് സമരസമിതി അറിയിച്ചു.

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷത്തിലേറെ പിന്നിട്ടിട്ടും ആവശ്യമായ നിയമനങ്ങൾ നടക്കാത്തതിൽ പ്രതിഷേധിച്ചാണ് ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ആരംഭിച്ചത്. 2025 മേയ് 31ന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽനിന്ന് വളരെ കുറച്ച് നിയമനങ്ങൾ മാത്രമാണ് ഇതുവരെ നടന്നതെന്നാണ് ഉദ്യോഗാർഥികളുടെ ആരോപണം.

പല ജില്ലകളിലും റാങ്ക് പട്ടികയിലെ ഒന്നാം റാങ്കുകാർക്ക് പോലും ഇതുവരെ നിയമനം ലഭിച്ചിട്ടില്ലെന്നും ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു. നിയമന നടപടികൾ വേഗത്തിലാക്കണമെന്നും ഒഴിവുകൾ സമയബന്ധിതമായി റിപ്പോർട്ട് ചെയ്ത് നിയമനം നടത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു 37 ദിവസം നീണ്ടുനിന്ന സമരം.