കോഴിക്കോട് അനധികൃതമായി സൂക്ഷിച്ച 64 ഗ്യാസ് സിലിൻഡറുകൾ പിടികൂടി
കോഴിക്കോട് ജില്ലയിലെ പെരുമണ്ണ ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ അനധികൃതമായി സൂക്ഷിച്ച 64 ഗ്യാസ് സിലിണ്ടറുകൾ അധികൃതർ പിടികൂടി. വള്ളിക്കുന്ന് അഞ്ചുമാവ് ഇളമനപ്പാടം എടച്ചേരിത്താഴത്ത് ഒരു സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് ഇവ കണ്ടെടുത്തത്. ജില്ലാ സപ്ലൈ ഓഫീസർ ആർ. ബോബന്റെ നേതൃത്വത്തിലുള്ള സംഘം രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് സിലിണ്ടറുകൾ പിടിച്ചെടുത്തത്.
പിടിച്ചെടുത്തവയിൽ 60 എണ്ണം കാലി സിലിണ്ടറുകളും നാലെണ്ണം ഗ്യാസ് നിറച്ചവയുമാണ്. അലസമായ രീതിയിൽ കൂട്ടിയിട്ട നിലയിലായിരുന്നു ഇവ പറമ്പിൽ സൂക്ഷിച്ചിരുന്നത്. യാതൊരുവിധ സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കാതെ ജനവാസ കേന്ദ്രത്തിൽ ഗ്യാസ് സിലിണ്ടറുകൾ ഇത്തരത്തിൽ സൂക്ഷിച്ചത് വലിയ അപകടസാധ്യതയാണ് ഉയർത്തിയത്. പിടിച്ചെടുത്ത സിലിണ്ടറുകൾ ഉടൻ തന്നെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
സംഭവത്തിൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. കുറ്റക്കാരെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസർ അബ്ദുൾ ഗഫൂർ, കൊയിലാണ്ടി റേഷനിങ് ഇൻസ്‌പെക്ടർ ശ്രീനിവാസൻ, കോഴിക്കോട് താലൂക്ക് റേഷനിങ് ഇൻസ്‌പെക്ടർമാരായ ബൈജു, ബവിത, ഷൈബ എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.
