സർക്കാർ തടഞ്ഞുവച്ച കുടിശിക ലഭിക്കാതെ 77,000 പെ‍ൻഷൻകാർ മരിച്ചു; ലഭിക്കാനുണ്ടായിരുന്നത് 40000 രൂപ വരെ

  1. Home
  2. Kerala

സർക്കാർ തടഞ്ഞുവച്ച കുടിശിക ലഭിക്കാതെ 77,000 പെ‍ൻഷൻകാർ മരിച്ചു; ലഭിക്കാനുണ്ടായിരുന്നത് 40000 രൂപ വരെ

pension


സർക്കാർ തടഞ്ഞുവെച്ച പെൻഷൻ പരിഷ്കരണ കുടിശിക മുഴുവൻ ലഭിക്കാതെ മുക്കാൽ ലക്ഷത്തിലേറെ പേർ മരിച്ചതായി കണക്ക്. വിവരാവകാശ നിയമപ്രകാരം സംസ്ഥാന ട്രഷറി ഡയറക്ടറേറ്റ് പുറത്തുവിട്ട കണക്ക് അനുസരിച്ച് 2019 ജൂലൈ മുതൽ കഴിഞ്ഞ ഏപ്രിൽ വരെ 77,000 സർവീസ് പെൻഷൻകാരാണ് മരിച്ചത്. ഓരോരുത്തർക്കും 2 ഗഡു കുടിശികയിനത്തിൽ 10,000 രൂപ മുതൽ 40,000 രൂപ വരെ കിട്ടാനുണ്ടായിരുന്നു. ശസ്ത്രക്രിയ അടക്കമുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ടിയിരുന്ന പണമാണ് ഇതുമൂലം ലഭിക്കാതിരുന്നത്. 
2019 ജൂലൈ 1 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും പരിഷ്കരിച്ചത്. 4 ഗഡുക്കളായി നൽകുമെന്നു പറഞ്ഞ പെൻഷൻ പരിഷ്കരണ കുടിശികയിൽ 2 ഗഡുക്കൾ മാത്രമാണ് ഇതുവരെ നൽകിയത്. ബാക്കി പണം 2021 ഓഗസ്റ്റിലും, നവംബറിലുമായി നൽകുമെന്നായിരുന്നു വാഗ്ദാനം.
എന്നാൽ സാമ്പത്തിക പ്രതിസന്ധി കാരണം മൂന്നാം ഗഡു വിതരണം കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കും (2022–23), നാലാം ഗഡു ഈ സാമ്പത്തിക വർഷത്തേക്കും (2023–24) മാറ്റിയിരുന്നു. എന്നാൽ ഇതുവരെ ഇതും നൽകിയിട്ടില്ല. 2800 കോടി രൂപയാണ് ആകെ ഈ ഇനത്തിൽ നൽകാനുണ്ടെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഇതിനുപുറമേ 1400 കോടി ക്ഷാമാശ്വാസ കുടിശികയും നൽകാനുണ്ട്.
മരണമടഞ്ഞവർക്കുള്ള കുടിശിക സർക്കാർ അനുവദിക്കുമ്പോൾ നോമിനിക്കു കൈപ്പറ്റാവുന്നതാണ്. നോമിനിയും മരിച്ചുപോയിട്ടുണ്ടെങ്കിൽ നിയമപ്രകാരമുള്ള അവകാശികളെന്നു തെളിയിക്കുന്ന തഹസിൽദാരുടെ സർട്ടിഫിക്കറ്റുമായി വരുന്നവർക്ക് ഈ പണം നൽകും. 
ഒരു പെൻഷനർ മരിച്ചതായി വിവരം ലഭിച്ചാൽ അപ്പോൾ തന്നെ ട്രഷറി ഉദ്യോഗസ്ഥർ പെൻഷൻ ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റത്തിൽ (പിംസ്) അതു രേഖപ്പെടുത്തി പെൻഷൻ വിതരണം നിർത്തിവയ്ക്കും. ഇത്തരത്തിൽ പിംസിൽനിന്നു ശേഖരിച്ച കണക്കാണ് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീകുമാർ കൊട്ടാരത്തിലിന്റെ വിവരാവകാശ അപേക്ഷയ്ക്കു മറുപടിയായി ട്രഷറി ഡയറക്ടറേറ്റ് നൽകിയത്.