കാറളത്ത് 79കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്നു; അയൽവാസി അറസ്റ്റിൽ
തൃശ്ശൂർ കാറളത്ത് വീട്ടമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പ്രതി അറസ്റ്റിൽ. കാറളം മൃഗാശുപത്രിക്ക് സമീപം അരുമ്പിള്ളി വീട്ടിൽ വിജയന്റെ ഭാര്യ സാവിത്രി (79) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം.
തൊട്ടടുത്ത വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന തൃപ്രയാർ ഈസ്റ്റ് സ്വദേശി കോടഞ്ചേരി വീട്ടിൽ മുഹമ്മദ് റാഫി (58) ആണ് അറസ്റ്റിലായത്. സാമ്പത്തിക ബാധ്യതകളുണ്ടായിരുന്ന പ്രതി സാവിത്രിയോട് സ്വർണാഭരണങ്ങൾ പണയം വയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇത് ലഭിക്കാതെ വന്നതോടെയാണ് കൊലപാതകം നടത്തി ആഭരണങ്ങൾ കവർന്നതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചതായാണ് വിവരം.
വീട്ടിലെ ഹാളിൽ സോഫയിലിരിക്കുകയായിരുന്ന സാവിത്രിയുടെ സാരിത്തലപ്പ് ഉപയോഗിച്ച് കഴുത്തിൽ മുറുക്കിയ ശേഷം പ്രതി അവരെ കിടപ്പുമുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കാൻ തലയിണ മുഖത്ത് അമർത്തിപ്പിടിച്ചെന്നും തുടർന്ന് മാലയും വളകളും കവർന്നെന്നും പൊലീസ് പറയുന്നു. സംഭവസ്ഥലത്ത് മുളകുപൊടി വിതറിയശേഷമാണ് പ്രതി രക്ഷപ്പെട്ടത്.
കേസിൽ അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. മൂന്ന് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. നാടോടി സ്ത്രീകൾ, കവർച്ചാ സംഘങ്ങൾ, അയൽവാസികൾ, നാട്ടുകാർ എന്നിവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് അന്വേഷണം എത്തിയത്.
